1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2020

സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് നാട്ടിലെത്തിയശേഷം പാസ്പോർട്ട് പുതുക്കേണ്ടി വരുന്നവർക്ക് ചില വിമാനത്താവളങ്ങളിൽനിന്ന് യാത്രാനുമതി നിഷേധിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. യു.എ.ഇ. വിസ പഴയ പാസ്പോർട്ടിൽ ആയതിനാൽ പുതിയ നമ്പർ യു.എ.ഇ. ഇമിഗ്രേഷനുമായി ബന്ധിപ്പിച്ചില്ലെന്ന സാങ്കേതിക തടസ്സമാണ് ആശയക്കുഴപ്പത്തിന് കാരണം.

കൊവിഡ് കാരണം ആയിരക്കണക്കിന് ആളുകളാണ് യു.എ.ഇ.യിലേക്ക് തിരികെയെത്താൻ നാട്ടിൽ കാത്തിരിക്കുന്നത്. ഇവരിൽ ചിലരുടെ പാസ്പോർട്ടുകളാണ് കാലാവധി കാരണം പുതുക്കേണ്ടിവന്നത്. എന്നാൽ പുതിയ പാസ്‌പോർട്ടിലെ നമ്പർ യു.എ.ഇ. യിലെ എമിഗ്രേഷൻ ഓഫീസുകളിലെ കംപ്യൂട്ടർ ശൃംഖലയിൽ കയറാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. വിമാനത്താവളത്തിലെത്തി ബോർഡിങ്‌ പാസ് വാങ്ങാൻ ശ്രമിക്കുമ്പോഴാണ് പലർക്കും യാത്ര ചെയ്യാനാവില്ലെന്ന് മനസ്സിലായത്.

കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്നാണ് ധാരാളം പേർക്ക് ഈ ദുരനുഭവം ഉണ്ടായത്. ഈ ആശയക്കുഴപ്പം നീക്കാനായി വിമാനത്താവളത്തിലെ കൗണ്ടറുകളിലുള്ള വിമാനക്കമ്പനി ഉദ്യോഗസ്ഥർ ഇക്കാര്യം യു.എ.ഇ. യിലെ ഇമിഗ്രേഷൻ ഓഫീസിന് അറിയിച്ചശേഷം അനുമതി വാങ്ങേണ്ടിവരുന്നുണ്ട്. അവിടെനിന്നുള്ള യാത്രാനുമതി കിട്ടിയാൽ മാത്രമേ ബോർഡിങ് പാസ് ലഭിക്കൂ എന്നതാണ് സ്ഥിതി. എന്നാൽ ചില സമയങ്ങളിൽ ഈ അനുമതികിട്ടാൻ വൈകുന്നതോടെ അവരുടെ യാത്രയും മുടങ്ങുന്നു.

സാധാരണഗതിയിൽ പഴയ പാസ്പോർട്ട് പുതിയ പാസ്പോർട്ടിനൊപ്പം ചേർത്തുവെച്ച് കൗണ്ടറിൽ നൽകുന്നതാണ് പ്രവാസികളുടെ ശീലം. എന്നാൽ അത്തരംയാത്രയാണ് ഇപ്പോൾ തടസ്സപ്പെടുന്നത്. യു.എ.ഇ. യിൽ എത്തിയശേഷം 15 ദിർഹം പ്രത്യേക ഫീസ് അടച്ച് വിസയും പുതിയ പാസ്പോർട്ടിലേക്ക് മാറ്റുന്നതിനും പ്രവാസികൾ ശ്രമിക്കാറുണ്ട്. ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങൾ മുന്നിൽ കണ്ടായിരുന്നു ഈ നടപടി.

വിമാനത്താവളത്തിൽ യാത്രാനുമതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി യു.എ.ഇ.യിലുള്ള സഹപ്രവർത്തകരോ ബന്ധുക്കളോ ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് സാങ്കേതികത്വം മാറ്റിയെടുക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പലപ്പോഴും ഇതും നടക്കുന്നില്ലെന്ന് പ്രവാസികൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.