1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ കസാഖ്സ്ഥാൻ ആൽമറ്റി വിമാനത്താവളത്തിൽ കുടുങ്ങിയത് 300 ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ. മാർച്ച് 22 മുതൽ 31 വരെയാണ് ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആൽമറ്റി പൂർണമായും അടച്ചതോടെ വിദ്യാർഥികൾ മൂന്നു ദിവസമായി വിമാനത്താവളത്തിൽ അകപ്പെട്ടിരിക്കുകയാണ്. കസാഖ്സ്ഥാനിലെ തിരക്കേറിയ നഗരമാണ് ആൽമറ്റി.

പ്രദേശവാസികളുടെ വിവേചനം തങ്ങളുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ജനങ്ങൾക്ക് തങ്ങൾക്ക് താമസ സൗകര്യം നിഷേധിക്കുകയും കടയുടമകൾ പലചരക്ക് സാധനങ്ങൾ, സാനിറ്റൈസറുകൾ, മാസ്കുകൾ എന്നിവ നിരസിക്കുകയാണെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.

”ആൽമറ്റി ലോക്ക് ഡൗൺ ചെയ്തതോടെ കസാഖ്സ്ഥാനിൽ പൂർണമായും ഇത് നടപ്പിലാക്കുമോയെന്ന് ഞങ്ങൾ ഭയന്നു. സർവകലാശാല വിട്ട് 15 മണിക്കൂറോളം ട്രെയിൻ യാത്ര ചെയ്താണ് ഞങ്ങൾ വിമാനത്താവളത്തിലെത്തിയത്. ഇവിടെ എത്തിയപ്പോഴാണ് ഇന്ത്യയുടെ യാത്രാ വിലക്കിനെക്കുറിച്ച് അറിഞ്ഞത്,” രാജസ്ഥാനിൽനിന്നുളള വിദ്യാർഥിയായ ദീപക് ധാക്ക പറഞ്ഞു.

ഭക്ഷണമോ വിശ്രമിക്കാൻ സ്ഥലമോ ഇല്ലാതെ വിദ്യാർഥികൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ”വിമാനത്താവളത്തിനു സമീപം ഞങ്ങൾക്ക് താമസ സൗകര്യം കണ്ടുപിടിക്കാൻ കഴിയുന്നില്ല. വിദേശികളാണ് തങ്ങളുടെ നാട്ടിൽ കൊറോണ കൊണ്ടുവന്നതെന്നാണ് ഇവിടുത്തെ ജനങ്ങൾ പറയുന്നത്,” ദീപക് വിശദീകരിച്ചു.

അവരിൽ ചിലർക്ക് താമസ സൗകര്യം ലഭിച്ചിട്ടുണ്ടെങ്കിലും, കടയുടമകൾ വിവേചനം കാട്ടുകയാണ്.
“മാർച്ച് 21ന് ഇന്ത്യയിലേക്ക് മടങ്ങി പോകുന്നതിനു മുൻപായി ഞങ്ങളുടെ കൂട്ടുകാർ അവരുടെ അപ്പാർട്ട്മെന്റ് താമസിക്കുന്നതായി തന്നു. ഞങ്ങളുടെ പക്കൽ ഭക്ഷണം കുറവാണ്. കടയുടമകൾ വിദേശികൾക്ക് ഭക്ഷണ സാധനം നൽകാൻ തയാറാവുന്നില്ല,” മണിപ്പൂരിൽനിന്നുളള വിദ്യാർഥിയായ സോനിപ്രിയ പറഞ്ഞു.

പൊതുഗതാഗതം പൂർണമായും നിലച്ചതോടെ നിരവധി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽനിന്നും പുറത്തിറങ്ങാൻ കഴിയുന്നില്ല.

“കസാഖ്സ്ഥാനിലെ മുഴുവൻ പൊതുഗതാഗതവും സർക്കാരിന്റെ കീഴിലാണ്. അവ പൂർണമായും നിർത്തിവച്ചിരിക്കുന്നു. 15 മണിക്കൂറോളം യാത്ര ചെയ്ത് ആൽമാറ്റിയിലെത്തി എങ്ങനെ വിമാനത്തിൽ കയറാനാവുമെന്ന് അറിയില്ല. ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടില്ല,” സീമെ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി അനിഷ് ഷാ അസീസ് പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഇഷ്ട സ്ഥലമാണ് കസാഖ്സ്ഥാൻ. നിരവധി വിദ്യാർഥികൾ സ്ഥിതി രൂക്ഷമാകുന്നതിനു മുൻപു തന്നെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. നിർഭാഗ്യവശാൽ ചില വിദ്യാർഥികൾ പോകാനാവാതെ ഇവിടെ അകപ്പെടുകയായിരുന്നു.

“വൈറസ് വ്യാപനത്തെ തുടർന്ന് യൂണിവേഴ്സിറ്റി ജൂലൈ വരെ അടച്ചു. ഓൺലൈൻ വഴി ക്ലാസ് നടക്കുന്നുണ്ട്. അതിനാലാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്,” അനിഷിന്റെ സഹപാഠിയായ കെഗ്സൺ സിങ് പറഞ്ഞു.

കസാഖ്സ്ഥാനിൽ ഇതുവരെ 50 ഓളം പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനാലാണ് ഞങ്ങൾ സുരക്ഷിതരല്ലെന്നും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ആവശ്യപ്പെടുന്നത്. വൈറസ് ഇവിടേക്കെത്തിയാൽ ഇവിടുത്തെ പ്രദേശവാസികൾക്കായിരിക്കും ചികിത്സാ മുൻഗണന കിട്ടുകയെന്നും കെഗ്സൺ പറഞ്ഞു.

വിദ്യാർഥികൾ ഇന്ത്യൻ എംബസിയിൽ എത്തിയെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ല.

“ഇവിടെ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ല, അതിനാലാണ് എംബസിയിൽ ചെന്നത്. പക്ഷേ ഞങ്ങളോട് ഹോസ്റ്റലിൽ മടങ്ങിപ്പോകാനാണ് അവർ ആവശ്യപ്പെട്ടത്. പൊതുഗതാഗതം നിർത്തിവച്ചിരിക്കുന്ന അവസ്ഥയിൽ 15 മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ എങ്ങനെയാണ് ഹോസ്റ്റലിലേക്ക് മടങ്ങിപ്പോവുക. അവിടെ ചെന്നാലും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെടും. അതിനാൽ തന്നെ ഹോസ്റ്റലിലേക്ക് മടങ്ങുന്നത് പ്രായോഗികമല്ല,” ദീപക് പറഞ്ഞു.

മാർച്ച് 21 നാണ് ട്വിറ്ററിലൂടെ ഇന്ത്യൻ എംബസി പ്രസ്താവന പുറത്തിറക്കിയത്. അൽമാറ്റിയിൽ നിന്ന് കൂടുതൽ വിമാനങ്ങളുടെ എണ്ണം കൂട്ടാനുളള അഭ്യർത്ഥനകൾ സ്വീകരിക്കാൻ കഴിയില്ലെന്നും അൽമാറ്റി വിമാനത്താവളത്തിലുളള മുഴുവൻ വിദ്യാർഥികളും ഹോസ്റ്റലിലേക്ക് മടങ്ങണമെന്നുമായിരുന്നു പ്രസ്താവനയിലുണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.