1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ.

വെള്ളിയാഴ്ച നടന്ന അപെക്സ് കൗൺസിൽ യോഗത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യം അംഗങ്ങളെ അറിയിച്ചിരുന്നു.

ഇതേ കാലയളവിൽ നടക്കാനിരുന്ന ടി 20 ലോകകപ്പ് ഔദ്യോഗികമായി മാറ്റിവച്ചുകഴിഞ്ഞാൽ, ബി‌സി‌സി‌ഐ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഐ‌പി‌എല്ലിന് ആതിഥേയത്വം വഹിക്കാൻ കഴിയുമോയെന്ന് പരിശോധിക്കും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന തരത്തിലല്ലെങ്കിൽ, ഐ‌പി‌എൽ യു‌എഇയിലേക്ക് മാറ്റും.

ഡിസംബർ വരെ ആഭ്യന്തര ക്രിക്കറ്റ് നടക്കില്ലെന്ന് ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിച്ചു. രാജ്യത്തുടനീളം നടക്കുന്ന വിവിധ ആഭ്യന്തര ടൂർണമെന്റുകളിലും ഏജ് ഗ്രൂപ്പ് മത്സരങ്ങളിലുമായി 38 ടീമുകളാണ് പങ്കെടുക്കേണ്ടത്. കളിക്കാരുടെ യാത്ര ഒരു വലിയ ഘടകമായതിനാൽ ഇക്കാര്യത്തിൽ പെട്ടന്ന തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

ദുലീപ് ട്രോഫി, ദിയോധർ ട്രോഫി, ചലഞ്ചേഴ്സ് സീരീസ് തുടങ്ങിയ ടൂർണമെന്റുകൾ റദ്ദാക്കും. ഏജ് ഗ്രൂപ്പ് മത്സരങ്ങളെയും രോഗവ്യാപനം ബാധിക്കും.ആഭ്യന്തര ക്രിക്കറ്റ് മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഈ വർഷം ഇന്ത്യയിൽ നടക്കാൻ സാധ്യതയില്ല.

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ നടത്താനിരുന്ന ആദ്യ മത്സരവും റദ്ദാക്കേണ്ടി വരും. എന്നാൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശിലന ക്യാമ്പ് സ്റ്റേഡിയത്തിൽ നടത്താനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.