1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് അനായാസ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തകര്‍ന്ന ഡല്‍ഹിയെ ശ്രേയസ് അയ്യര്‍-റിഷഭ് പന്ത് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 50 പന്തുകളില്‍ നിന്നും 65 റണ്‍സെടുത്ത ശ്രേയസ് പുറത്താവാതെ നിന്നു. റിഷഭ് പന്ത് 56 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഒരു ഐ.പി.എല്‍ ഫൈനലില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാന്‍ മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്. മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ദുബായില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണുന്നതിനായി മലയാളികളുടെ സ്വന്തം മോഹന്‍ലാലും ഗാലറിയിലെത്തി. സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കെ.മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ സൃഹൃത്ത് സമീര്‍ ഹംസയ്‌ക്കൊപ്പം ദുബായില്‍ എത്തിയത്. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം അവസാനിച്ചതോടെയാണ് അദ്ദേഹം ദുബായിലേക്ക് പോയത്. എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലിന്റെ ദുബായ് യാത്ര. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായിട്ടായിരിക്കും മോഹന്‍ലാല്‍ തിരികെയെത്തുക. പാലക്കാട് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. നവംബര്‍ പകുതിയോടെ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.