1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2020

സ്വന്തം ലേഖകൻ: യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി. പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപനിയന്ത്രണസേനയെ നിയോഗിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ടെഹ്റാനു പുറമേ ഷിറാസ്, ഇസ്ഫഹാൻ, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

വിമാനം അബദ്ധത്തിൽ വീഴ്ത്തിയതാണെന്ന് ഇറാൻ ഭരണനേതൃത്വം ശനിയാഴ്‍ചയാണ് തുറന്നു പറഞ്ഞത്. അന്നു വൈകിട്ട് ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടർന്നു. ശനിയാഴ്ച അമീർ കബീർ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇറാനിലെ ബ്രിട്ടിഷ് അംബാസഡർ റോബ് മക്കെയറിനെ പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യാന്തരതലത്തിൽ നയതന്ത്രരംഗത്തു വലിയ ഒച്ചപ്പാടിനിടയാക്കി. മക്കെയറിനെ പിന്നീട് വിട്ടയച്ചു. പ്രതിഷേധത്തിനല്ല, വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടിഷുകാർ ഉൾപ്പെടെയുള്ളവർക്ക് ആദരം അർപ്പിക്കുന്ന ചടങ്ങിലാണ് താൻ പങ്കെടുത്തതെന്ന് മക്കെയർ അറിയിച്ചു.

വിമാനം വീഴ്ത്താനിടയായ സാഹചര്യം റവല്യൂഷനറി ഗാർഡ്സിന്റെ മേജർ ജനറൽ ഹുസൈൻ സലാമി പാർലമെന്റിലെത്തി വിശദീകരിച്ചു. ഗാർഡ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനെ തുടർന്നുള്ള സംഘർഷസ്ഥിതിയും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. ജനുവരി മൂന്നിന് സുലൈമാനിയെ വധിച്ചതാണു സംഘർഷം മൂർഛിക്കാനിടയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.