1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽനിന്ന് അമേരിക്കയുടെ കാൽ വെട്ടിമാറ്റുതാണ് ജനറൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി.

“യുഎസ് ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള തക്കതായ മറുപടി കിട്ടുമെന്ന് അവർ അറിയണം. അവർക്കു ബോധമുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അവർ അനങ്ങാതിരിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈ നിങ്ങൾ വെട്ടി. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിനു സമീപം ആ കൈ കിടക്കുന്നത് വിഡിയോകളിലും ഫോട്ടോകളിലും നമ്മൾ കണ്ടു. കൈ വെട്ടിയെങ്കിൽ പശ്ചിമേഷ്യയിൽ നിന്ന് നിങ്ങളുടെ കാലുകൾ മറിച്ചു മാറ്റും. അതാണ് ഏറ്റവും വലിയ പ്രതികാരം,” ടിവിയിലൂടെ നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.

ഇറാഖിലെ യുഎസ് താവളങ്ങൾക്കു നേരെ നടത്തിയ ആക്രമണം യുഎസിനെതിരെ നേടിയ വലിയ വിജയമാണെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ പറഞ്ഞു. ലോകത്തെ ഏറ്റവും ദുഷ്ട ശക്തികളായ അമേരിക്കയുടെ ദുഷ് പ്രവർത്തികൾക്കു വേദനാജനകമായ മറുപടി നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

അതിനിടെ ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്. മേഖലയിലെ അപകടകരമായ നീക്കങ്ങളില്‍ ഭയമുണ്ടെന്നും ഇറാഖ് അതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാഖിന്റെ പരമാധികാരത്തിന് മേല്‍ ഇറാന്‍ തുടര്‍ച്ചയായി കടന്നുകയറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായും ഇറാഖ് പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

പകരത്തിനു പകരമായി ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള സൈനിക താവളങ്ങളുടെ സാറ്റലൈറ്റ്ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് സൈനിക താവളവും കുര്‍ദിസ്ഥാനിലെ ഇര്‍ബിലിലെ മറ്റൊരു സൈനിക കേന്ദ്രവുമാണ് ഇറാന്‍ ആക്രമിച്ചത്. ക്വിയാം ഫത്തേ എന്നീ വിഭാഗത്തില്‍പ്പെട്ട പതിനഞ്ചോളം മിസൈലുകള്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.