1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2019

സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഉണ്ടാക്കാനൊരുങ്ങി ഇസ്രയേൽ. ഗള്‍ഫ് രാജ്യങ്ങളുമായി സമാധാന കരാറും സാമ്പത്തിക മേഖലയിലെ സഹകരണവും ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചയ്ക്ക് യു.എസിന്റെ നേതൃത്വത്തില്‍ ഇസ്രയേൽ ഒരുങ്ങുന്നു എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേൽ ദേശീയ ചാനലായ ‘ചാനല്‍ 12’ ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതായും മിഡില്‍ ഈസ്റ്റ് ഐ പറയുന്നു.

എന്നാല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് ഇതു വരെ പുറത്തു വിട്ടിട്ടില്ല. അതേ സമയം ഇറാനുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ അവസരം മുതലെടുക്കാനാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേൽ വിദേശകാര്യമന്ത്രി യിസ്രയില്‍ കാറ്റ്‌സിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. യു.എസിന്റെ പശ്ചിമേഷ്യന്‍ നയതന്ത്ര പ്രതിനിധിയായ ജേസണ്‍ ഗ്രീന്‍ഹാള്‍ട്ടിന് മുന്നില്‍ കൂടിക്കാഴ്ചയുടെ പ്രമേയം അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുന്ന ഉടമ്പടി പ്രകാരം മേഖലയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും നയതന്ത്ര സഹകരണം ഉറപ്പിക്കാനും ആണ് ധാരണയാകുക. മാത്രവുമല്ല സൈനികയുദ്ധങ്ങളില്‍ സഖ്യം ചേരുന്നത് നിയന്ത്രിക്കാനുള്ള നടപടികളും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കരാര്‍ നടപ്പാകുകയാണെങ്കില്‍ ഇസ്രയേല്‍ മേഖലയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇടപെടുന്നതില്‍ നിയന്ത്രണമുണ്ടാകാനാണു സാധ്യത.

സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിലവില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല. മാത്രവുമല്ല ഇസ്രയേലിനെ ഇവര്‍ അംഗീകരിക്കുന്നുമില്ല. എന്നാല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.