1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2020

സ്വന്തം ലേഖകൻ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സൗദി മന്ത്രാലയം. സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോടാണ് മന്ത്രിയുടെ പ്രതികരണം.

“ഇസ്രഈലും സൗദി അറേബ്യയും തമ്മില്‍ ഒരു കൂടിക്കാഴ്ചയ്ക്കും തീരുമാനമായിട്ടില്ല. ഈ പ്രശ്‌നങ്ങളുടെ (ഫലസ്തീന്‍-ഇസ്രഈല്‍ തര്‍ക്കം) തുടക്കം മുതല്‍ സൗദിയുടെ നയം വ്യക്തമാണ്. ഇസ്രഈലുമായി സൗദി അറേബ്യയ്ക്ക് യാതൊരു ബന്ധവും ഇല്ല. സൗദി ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.

ഫെബ്രുവരി ആദ്യവാരമാണ് യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ‘ഹയോ’മിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വാര്‍ത്തകള്‍ പുറത്തു വന്നത്.

മാര്‍ച്ചില്‍ ഈജിപ്തിലെ കെയ്‌റോയില്‍ വെച്ച് നടക്കുന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. അമേരിക്കയുടെ ശ്രമഫലമാണ് കൂടിക്കാഴ്ച നടക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദി അറേബ്യയും ഇസ്രഈലും തമ്മില്‍ നിലവില്‍ യാതൊരു നയതന്ത്ര ബന്ധവും ഇല്ല. എന്നാല്‍ സൗദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.