1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: സെപ്റ്റംബർ 14 ന് ഇറ്റലിയിലെ സ്കൂളുകൾ തുറക്കാനിരിക്കെ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്. അനധ്യാപക ജീവനക്കാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കൊവിഡ് ബാധിതർ പതിമൂവായിരത്തോളം വരുമെന്നാണ് റിപ്പോർട്ട്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരടക്കമുള്ള അര ലക്ഷത്തിലധികം സ്കൂൾ ജീവനക്കാർ അടുത്തിടെ സെറളോജിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു.

ഇതിൽ 2.6% പേരിൽ ഫലം പോസറ്റീവ് ആയി. ഇവർക്ക് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ജോലിയിൽ പ്രവേശിക്കാനാവില്ല. രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫ് അംഗങ്ങൾക്കും ഓരോ ദിവസവും സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യണ്ടതുണ്ടെന്ന് രാജ്യത്തെ കൊറോണ വൈറസ് എമർജൻസി കമ്മീഷണർ ഡൊമെനിക്കോ അർക്കൂരി പറഞ്ഞു.

സ്കൂളുകൾ തുറന്ന ശേഷം മൂന്നോ അതിലധികമോ ദിവസം ക്ലാസ്സിൽ ഹാജരാകാതിരിക്കുന്ന കുട്ടികൾ പിന്നീട് സ്കൂളിലെത്തുമ്പോൾ ഡോക്ടറുടെ കുറിപ്പ് ഹാജരാക്കേണ്ടത് നിർബന്ധമാക്കണമെന്ന് ഇറ്റാലിയൻ അസോസിയേഷൻ ഓഫ് സ്കൂൾ ഹെഡ് ടീച്ചേഴ്സ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നീണ്ട അവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിനുമുൻപ് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നാരോപിച്ച് ഇറ്റാലിയൻ വിദ്യാർഥികളുടെ യൂണിയൻ സെപ്റ്റംബർ 25 മുതൽ 26 വരെ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങൾ കുറവാണെന്നും അധ്യാപകരുടെ എണ്ണം അപര്യാപ്തമാണെന്നും വിദ്യാർഥിയൂണിയൻ ആരോപിക്കുന്നു.

രാജ്യത്താകെ ഔദ്യോഗികമായി സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 14 ന് ആണെങ്കിലും പ്രത്യേക സാഹചര്യങ്ങൾ മൂലം ചില പ്രദേശങ്ങളിൽ സ്കൂൾ തുറക്കുന്നത് നീളാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.