1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ്. സാങ്കേതിക മേഖലയിലും ലോജിസ്റ്റിക്കിലും കൂടുതല്‍ തുക നിക്ഷേപിച്ച് രാജ്യത്ത് ബിസിനസ് വര്‍ധിപ്പിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്.

കഴിഞ്ഞ് ആറ് വര്‍ഷത്തിനിടയില്‍ ആമസോണ്‍ രാജ്യത്ത് 7 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ജെഫ് ബോസ് അവകാശപ്പെട്ടു. ഇന്ത്യയിലെത്തിയ ജെഫ് ബോസ് രാജ്യത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപം വിവിധ മേഖലകളിലായി പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റവെയര്‍ ഡവലപ്‌മെന്റ്, എന്‍ജിനിയറിങ്ങ്, ക്ലൗഡ് കംപ്യൂട്ടിങ്ങ്, കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നീ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം വന്‍കിട കുത്തകകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയവയുടെ പ്രവര്‍ത്തനം രാജ്യത്തെ ചെറുകിട വ്യപാരികളുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ ജെഫ് ബോസിന്റെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘ഗോ ബാക്ക് ജെഫ് ബോസ്’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയാണ് ദല്‍ഹിയില്‍ ചെറുകിട വ്യാപാരികള്‍ പ്രതിഷേധിച്ചത്.

നേരത്തെ ദല്‍ഹിയിലെ വ്യാപാരി സംഘടന വന്‍കിട കമ്പനികളായ ഫ്‌ളിപ്പ് കാര്‍ട്ട് ആമസോണ്‍ തുടങ്ങിയവ ഇ-കൊമേഴ്സ് വ്യാപാര ചട്ടം ലംഘിക്കുന്നുവെന്ന് ചൂണ്ടികാട്ടി നല്‍കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 2020ല്‍ തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് എസ്.ബി.ഐ നടത്തിയ പഠനം സൂചിപ്പിച്ചിരുന്നു. സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു എസ്.ബി.ഐയുടെ പഠനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.