1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: തലസ്ഥാനത്ത് വിദ്യാർത്ഥി മാർച്ചിനിടെ സംഘർഷം. ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതിഭവനിലേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്. മാർച്ച് പകുതിയിൽ വെച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികളെ പോലീസ് വലിച്ചിഴച്ച് ബസുകളിലേക്ക് കയറ്റുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പോലീസും വിദ്യാർത്ഥികളും തമ്മിലിടഞ്ഞതോടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടുണ്ട്. മണ്ഡി ഹൌസിൽ നിന്നാരംഭിച്ച മാർച്ചിൽ വിദ്യാർത്ഥികൾ, അധ്യാപകർ, മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുത്തിരുന്നു.

എച്ച്ആർഡി മന്ത്രിയുടെ മന്ത്രാലയത്തിലെത്തി ചർച്ച നടത്തിയെങ്കിലും ചർച്ച പൊളിഞ്ഞതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച ജെഎൻയു ക്യാമ്പസിൽ നടന്ന ആക്രമണം സംബന്ധിച്ച് പരാതി നൽകാനായിരുന്നു നീക്കം. ജെഎൻയു വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെടണം എന്നുള്ള ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു.

ഫീസ് വർധനവ് പിൻവലിക്കണം, വൈസ് ചാൻസലറെ നീക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർത്ഥികൾ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈസ് ചാൻസലറുടെ രാജി മാത്രമാണെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പ്രതികരിച്ചു. സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിച്ചതോടെ പ്രശ്നത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇതോടെ രാഷ്ട്രപതി ഭവൻ പരിസരത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെത്തിയ ജെഎൻയു വിദ്യാർത്ഥികൾ എച്ച്ആർഡി മന്ത്രാലയത്തിലെ അധികൃതരെ കണ്ടിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കാണാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പോലീസ് രാഷ്ട്രപതി ഭവനിലേക്ക് പോകാൻ അനുവദിക്കാതായതോടെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ കോണാട്ട് പ്ലേസിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഞായറാഴ്ച മുഖം മൂടിധരിച്ചെത്തിയ സംഘം ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നുവെന്ന് പോലീസിനെതിരെ ആരോപണമുയർന്നിരുന്നു. കയ്യിൽ ആയുധങ്ങളും വടികളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ പ്രതിഷേധക്കാർ വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിക്കുകയായിരുന്നു. 19 വിദ്യാർത്ഥികൾക്ക് അഞ്ച് അധ്യാപകർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.