1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2019

സ്വന്തം ലേഖകൻ: വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണനയെന്ന് പൊലീസ് അറിയിച്ചു.

സമര സ്ഥലത്ത് ദില്ലി പൊലീസ് ജോയിന്‍റ് കമ്മീഷണർ ആനന്ദ് മോഹന്‍ എത്തിയിട്ടുണ്ട്. രാവിലെ ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, രാത്രി 11 മണിക്കെങ്കിലും ഹോസ്റ്റലില്‍ കയറണം, മെസില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമ്പോളത്തെ വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്. ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നും അധികൃതര്‍ പ്രതികരിച്ചു.

അതേസമയം പ്രധാന കവാടത്തിന് മുമ്പില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. വിദ്യാര്‍ത്ഥികളെ മാറ്റി പ്രധാന കവാടത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മന്ത്രിയടക്കമുള്ളവരെ പുറത്തെത്തിക്കാനാണ് പൊലീസ് പ്രധാന കവാടത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൊലീസ് വച്ച് ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ എടുത്തുമാറ്റുന്നുണ്ട്. കേന്ദ്ര സേനയായ സിആര്‍പിഎഫ് സമര സ്ഥലത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.