1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരാക്രമണത്തില്‍ ചാവേറായത് കേരളത്തില്‍ നിന്നുള്ള ആളെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ മൂന്ന് ചാവേറുകളില്‍ ഒരാള്‍ അബു ഖാലിദ് അല്‍ ഹിന്ദി എന്ന് ഐ.സ് നാമകരണം ചെയ്ത വ്യക്തിയാണെന്ന് ഇന്ത്യാ ടുഡേയുടെ എക്‌സ്‌ളൂസീവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കേരളത്തില്‍നിന്നും ഐ.എസില്‍ ചേര്‍ന്ന മുഹ്‌സിന്‍ എന്ന ആളാണെന്നാണ് പ്രാഥമിക വിവരം.

ഐ.എസ് അവരുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന മാഗസിനായ അല്‍ നബ മാര്‍ച്ച് 26ന് പുറത്തിറങ്ങിയത് തോക്കുമായി ഇരിക്കുന്ന ഇയാളുടെ ചിത്രത്തോടുകൂടിയായിരുന്നു. എന്നാല്‍, ഫോട്ടോയില്‍ കാണുന്ന മുഹമ്മദ് മുഹ്‌സിന്‍ എന്ന 21 കാരന്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍വെച്ച് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് കേരളത്തില്‍നിന്നുള്ള പൊലീസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്.

കാസര്‍കോട് സ്വദേശിയായ മുഹ്‌സിന്‍ തൃക്കരിപ്പൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ജൂണ്‍ 18ന് മുഹ്‌സിന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അബു ഖാലിദ് അല്‍ ഹിന്ദി യഥാര്‍ത്ഥത്തില്‍ മുഹ്‌സിന്‍ ആണെങ്കില്‍, ഐ.സിലെ രണ്ടാമത്തെ ഇന്ത്യന്‍ ചാവേറാകും ഇയാള്‍.

ദുബായില്‍നിന്നാണ് മുഹ്‌സിന്‍ ഐ.സിന്റെ അഫ്ഗാന്‍ ക്യാമ്പിലെത്തിയത്. ദുബായില്‍ ഐ.എസുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പില്‍ സജീവമായി മുഹ്‌സിന്‍ പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോടുകാരനായ എന്‍.ഐ.ടിയില്‍ ജോലി ചെയ്തിരുന്ന ഷജീര്‍ മംഗലശ്ശേരിയും ദുബായില്‍നിന്നും അഫാഗാനിലേക്ക് കടന്നിരുന്നു. ഷജീര്‍ 2017 ജൂണില്‍ യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

2017 ഓഗസ്റ്റില്‍ റബ്ബയില്‍ വെച്ച് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന അബു യൂസഫ് അല്‍ ഹിന്ദി എന്ന ഷാഫി അര്‍മാര്‍ ആണ് ആദ്യത്തെ ഐ.സിലെ ഇന്ത്യന്‍ ചാവേര്‍. ഉത്തരാഖണ്ഡ് സ്വദേശിയായിരുന്നു ഷാഫി അര്‍മാര്‍. ഇന്ത്യന്‍ മുജാഹിദീനില്‍ അംഗമായിരുന്നു ഇയാള്‍. നിയുക്ത ആഗോള തീവ്രവാദിയായി യു.എസ് ആദ്യമായി പ്രഖ്യാപിച്ച ഇന്ത്യക്കാരനുമാണ് ഷാഫി.

2016 മെയ്-ജൂണ്‍ മാസങ്ങളിലായി 98 മലയാളികള്‍ കുടുംബാംഗങ്ങളുമായി ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇതില്‍ 30 പേര്‍ കേരളത്തില്‍നിന്ന് നേരിട്ടും 70 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന വ്യോമാക്രമണങ്ങളില്‍ ഇവരില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാബൂളിലെ ഗുരുദ്വാരയില്‍ ബുധനാഴ്ചയാണ് തോക്കുധാരികളായ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയത്. 25 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 200 പേരെ ബന്ധികളാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഗുരുദ്വാരയിലെത്തിയ ഭീകരര്‍ അവിടെ കൂടിയിരുന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികളെ ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാന്‍ സേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.