1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ
കമല ഹാരിസില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എങ്ങനെ ഭരിക്കണമെന്ന് ഉത്തമ ബോധ്യമുള്ള ആളാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു.

അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഇരുവരും തയ്യാറാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

“കമല നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ മിടുക്കിയാണ്. ഉറപ്പുള്ള വ്യക്തിയാണ്. അവള്‍ അനുഭവസമ്പന്നയാണ്. ഈ രാജ്യത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചതാണ്,” ബൈഡന്‍ പറഞ്ഞു.

കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം അമേരിക്കയിലെ പെണ്‍കുട്ടികള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തില്‍ അവഗണിക്കപ്പെട്ടു എന്ന് കരുതുന്ന കറുത്ത വംശജര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.

“അവരു കഥ അമേരിക്കയുടെ കഥയാണ്, എന്നില്‍ നിന്ന് പല രീതിയില്‍ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി വളരെ വ്യത്യസ്തമല്ല. അവര്‍ കഠിനാധ്വാനം ചെയ്തു. അവര്‍ ഒരിക്കലും വെല്ലുവിളിയില്‍ നിന്നും പിന്മാറില്ല, പലരും അവരുടെ വഴിയില്‍ തടസ്സങ്ങള്‍ തീര്‍ത്തുവെങ്കിലും അവര്‍ പിന്മാറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും കമലയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ തെരഞ്ഞെടുത്തത് ബൈഡന്റെ മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ അമേരിക്ക ഒരു നേതൃത്വത്തിന് വേണ്ടി കേഴുകയാണെന്ന് ഡെമോക്രാറ്റ്‌ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്‌ തുറന്നടിച്ചു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമൊത്തുള്ള ആദ്യ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.

രാജ്യത്ത് നിലനില്‍ക്കുന്ന വംശീയയതയുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. നമ്മള്‍ വംശീയതയുടെയും വ്യവസ്ഥാപരമായ അനീതിയുടെയും പ്രശ്‌നങ്ങളെ അനുഭവിക്കുന്നവരാണ്. മാറ്റം ആവശ്യപ്പെട്ട് തെരുവുകളില്‍ പുതിയൊരു കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിനെ ഡമൊക്രാറ്റുകള്‍ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ കമല വൈസ് പ്രസിഡന്റാകും, ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന വിശേഷണമാണ് കമലയെ കാത്തിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് കമലയുടെ അമ്മയുടെ കുംടുംബം ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.