1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനോട് ചേര്‍ന്ന സ്ഥലത്ത് 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കാര്‍ഗോ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത്.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ,എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി, കസ്റ്റംസ് എന്നീ വിഭാഗങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉടന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര, രാജ്യാന്തര ചരക്കുകള്‍ ഇവിടെ രണ്ടു ഭാഗങ്ങളിലായി കൈകാര്യം ചെയ്യും. 7000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള അത്യാധുനിക കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിന് പുറമെ പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, മത്സ്യം, പൂക്കള്‍ മരുന്നുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യവും ഉണ്ടാകും. ഇതു പൂര്‍ത്തിയാവുന്നതോടെ രാജ്യാന്തര കാര്‍ഗോകള്‍ പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റും. ചെറിയ കാര്‍ഗോ കോംപ്ലക്‌സ് ആഭ്യന്തര ചരക്കു നീക്കത്തിനു മാത്രമായും ഉപയോഗിക്കും.

മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ വികസിപ്പിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കാര്‍ഗോ കോംപ്ലക്‌സ് ഒരുങ്ങുന്നത്. വിദേശ വിമാനങ്ങള്‍ക്കു കൂടി അനുമതി ലഭിച്ചാലേ ചരക്കുനീക്കം കാര്യക്ഷമമാവൂവെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.