1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2020

സ്വന്തം ലേഖകൻ: കശ്മീരില്‍ അറസ്റ്റിലായ ഡി.എസ്.പി ദവീന്ദര്‍ സിങ് കശ്മിരില്‍ നിന്നും തീവ്രവാദികളെ ദല്‍ഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി എന്നാണ് ഇന്റലിജന്‍സ്‌റിപ്പോര്‍ട്ട്.

ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ദവീന്ദര്‍ സിങിനൊപ്പമുണ്ടായിരുന്ന ഇവര്‍ ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലുള്ള വീട്ടിലാണ് രാത്രി തങ്ങിയതെന്ന് ദവീന്ദര്‍ സിങ് കുറ്റസമ്മതം നടത്തിയിരുന്നു.

ഷോപിയാന്‍ താഴ്‌വരയില്‍ നിന്നും തീവ്രവാദികളെ കശ്മീരില്‍ എത്തിച്ചശേഷം അതീസുരക്ഷാ മേഖലയിലുള്ള തന്റെ വീട്ടില്‍ ദേവീന്ദര്‍ പാര്‍പ്പിക്കുകയായിരുന്നു. സൈനികര്‍ താമസസ്ഥലത്തിന് അടുത്തു തന്നെ തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ താമസിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായ ഹിസ്ബുള്‍ മുജാഹിദ്ദീനിലെ മുതിര്‍ന്ന നേതാവായ നവീദ് ബാബുവിനെ മുന്‍പും പല തവണ വിവിധ സ്ഥലങ്ങളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദവീന്ദര്‍ സിങ് സമ്മതിച്ചു.

ദേവേന്ദ്ര സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ യഥാര്‍ഥത്തില്‍ ആരായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തയ്യാറാകണം. ദേവേന്ദ്ര സിങ് ഭീകരരെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ ആള്‍ മാത്രമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.