
സ്വന്തം ലേഖകൻ: ജമ്മു കശ്‌മീരിൽ 70 ദിവസത്തിനു ശേഷം പോസ്റ്റ്‌പെയ്ഡ് സർവീസുകൾ ബിഎസ്എൻഎൽ പുനഃസ്ഥാപിച്ചു. 40 ലക്ഷത്തിലധികം സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും താഴ്‌വരയിൽ ലഭ്യമല്ല. ഓഗസ്റ്റ് 16 മുതൽ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുന്നുണ്ടായിരുന്നു. ഓഗസ്റ്റ് 17നും നാലിനുമിടയിൽ 50,000 ൽ അധികം ലാൻഡ്‌ലൈൻ സേവനങ്ങൾ പ്രവർത്തന ക്ഷമമായിരുന്നു.
സുരക്ഷാ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും മൊബൈൽ സേവനങ്ങൾ കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്നത്. തീവ്രവാദ ആക്രമണങ്ങൾ വർധിക്കാനുള്ള സാധ്യതയും പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ കൂടുതൽ സംഘടിത പ്രതിഷേധങ്ങളുണ്ടാകാനുമുള്ള സാഹചര്യവും കണക്കിലെടുത്താണ് ജമ്മു കശ്മീരിൽ മൊബൈൽ – ടെലിഫോൺ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ ഓഗസ്റ്റ് അഞ്ചിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നാലെ ടെലിഫോൺ ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങളും റദ്ദാക്കിയിരുന്നു.
കശ്മീരിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താഴ്‌വരയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായകമായ തീരുമാനമായിരുന്നുവെന്നും കുറച്ച് മാസങ്ങൾക്കുള്ളിൽ കശ്മീർ രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശമാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല