1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി മുഹമ്മദ് വൈ. സഫറുള്ളയ്ക്കാണ് പകരം ചുമതല നൽകിയിട്ടുമുണ്ട്. കൂടാതെ ശിവശങ്കർ ദീര്‍ഘകാല അവധിയിൽ പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.

സ്വപ്ന സുരേഷിന് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്. കെ.എസ്.ഐ.ടി.എല്ലിന് കീഴില്‍ സ്പേസ് മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചിരുന്നത്. താത്കാലിക നിയമനമായിരുന്നെങ്കിലും നിയമനത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആരോപണമുയര്‍ന്നതോടെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

തിരുവനന്തപുരം കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം പിടികൂടിയ കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് സ്വര്‍ണക്കടത്ത് വിവരം പുറത്തു വരുന്നത്. വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.