1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംഭവത്തിൽ ആസൂത്രിതയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുൻ‌കൂർ ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ സ്വപ്‌ന സുരേഷിനെതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ നിയമത്തിന്റെ 21–ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്തു വഴി തീവ്രവാദത്തിനായി ഫണ്ട് സമാഹരിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പി.ആര്‍. സരിത്, സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നത്.

രാജ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന കാര്യമായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു കേന്ദ്രത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ കേസില്‍ വാദം കേള്‍ക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു.

കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹരജി തന്നെ കുറ്റസമ്മതം എന്ന നിലപാടിലാണ് കസ്റ്റംസ്.

നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തയച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിപ്ലോമാറ്റ് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയത് അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും കത്തില്‍ പറയുന്നു.

എത്തിയത് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ

അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗ് അല്ലാ പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു. ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്തിയിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ല. നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടത് അടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണ്. ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വര്‍ണം പിടികൂടിയത് നയതന്ത്ര ബാഗ് അല്ലെന്നും യുഎഇ അറിയിച്ചു. ഉദ്യോഗസ്ഥന് എത്തിയ സ്വകാര്യ ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കുകയും അത് നയന്ത്ര ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതായും യുഎഇ അംബാസിഡര്‍ അറിയിച്ചു. നയതന്ത്ര ബാഗേജ് എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും യുഎഇ അറിയിച്ചു.

യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി. യു.എ.ഇ. എംബസിക്കാണ് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കിയത്. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ്‌ അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.