1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയേക്കും. കേന്ദ്രവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ ഇക്കാര്യത്തില്‍ ആലോചനകള്‍ തുടങ്ങി.

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്നനിലയിലാണ് ഗവര്‍ണര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോള്‍ അനുസരിച്ച് തെറ്റാണെന്ന് ഗവര്‍ണര്‍ വാദിക്കുന്നു. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ ഇന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ടേക്കും.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുക എന്നതാണ് രാജ്ഭവന്‍ ഇപ്പോള്‍ പരിഗണിക്കുന്ന കാര്യം. ഏത് സാഹചര്യത്തിലാണ് ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ കേസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ കേന്ദ്രനിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുന്നുവെന്നതിന് അര്‍ഥം രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുവെന്നാണ്.

സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കവും ഗവര്‍ണർക്ക് വേണ്ടി എന്നരീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നാണ് ഗവര്‍ണറുടെ ചോദ്യം. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ശരിയായില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.