1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി ഉത്തര കൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ഉത്തര കൊറിയ ഇറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ മേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസു പോലും ഉത്തര കൊറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് വ്യാപനം ആരോഗ്യ സംവിധാനങ്ങളില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജനുവരിയില്‍ തന്നെ ഉത്തരകൊറിയ ചൈനയുമായുള്ള ബോര്‍ഡര്‍ അടച്ചിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലായ്‌യോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിരുന്നു.

അതിര്‍ത്തികളടച്ചത് ഉത്തരകൊറിയയിലേക്ക് അനധികൃതമായി ചരക്കുകള്‍ കടത്തുന്നത്് കൂട്ടാന്‍ ഇടയാക്കി എന്നാണ് യു.എസ് ഫോഴ്‌സസ് കൊറിയ കമാന്‍ഡര്‍ റോബോര്‍ട്ട് അബ്രാംസ് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയ കൂടുതല്‍ കര്‍ക്കശമായി വിഷയത്തില്‍ ഇടപെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനീസ് ബോര്‍ഡറില്‍ നിന്നും 2 കിലോ മീറ്റര്‍ മാറിയാണ് ഉത്തരകൊറിയ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അബ്രാംസ് ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
ഉത്തരകൊറിയയിലേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതി 85 ശതമാനമായി കുറയാനും അതിര്‍ത്തികള്‍ അടച്ചത് ഇടയാക്കിയിരുന്നു. ചുഴലികൊടുങ്കാറ്റ് മയാസ്‌ക് ഉത്തര കൊറിയയില്‍ കടുത്ത പ്രതിസന്ധിയാണ് തീര്‍ത്തുകൊണ്ടിരിക്കുന്നത്.

കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനായാണ് ഇപ്പോള്‍ രാജ്യത്തെ സൈനികര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും നിലവില്‍ ഉത്തര കൊറിയയില്‍ ഇല്ലെന്നാണ് സേന അവകാശപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.