1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2020

സ്വന്തം ലേഖകൻ: അഞ്ചലില്‍ പാമ്പു കടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായത് വാവ സുരേഷിന്റെ ഇടപെടലെന്ന് റിപ്പോർട്ട്. നാട്ടുകാരും വീട്ടുകാരും ഒരുപോലെ കരുതിയിരുന്നത് സര്‍പ്പകോപമാണെന്നാണ്. അതുകൊണ്ട് പരാതി കൊടുക്കാന്‍ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസുകാരെ പോലും അമ്പരിപ്പിച്ചത് ഈ കേസില്‍ വാവ സുരേഷ് നടത്തിയ ഇടപെടലാണ്.

കൊലപാതകമാണെന്ന് ആദ്യം കണ്ടെത്തിയത് വാവ സുരേഷാണ്. സൂരജിന്റെ പ്ലാനുകളെ കുറിച്ച് ഉത്രയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയത് വാവയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഉത്രയ്ക്ക് രണ്ടാമതും പാമ്പുകടിയേല്‍ക്കുകയും മരിക്കുകയും ചെയ്തതോടെ സര്‍കോപ്പമാണെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ അന്ധവിശ്വാസത്തെ പൊളിച്ച് അന്വേഷണ വഴിയിലേക്ക് എത്തിച്ചത് വാവാ സുരേഷാണ്. അഞ്ചലില്‍ യുവതിയെ രണ്ടാമതും പാമ്പ് കടിച്ചതും മരിച്ചതും വാര്‍ത്തകളിലൂടെ അറിഞ്ഞ വാവയ്ക്ക് ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ സംഭവമല്ലെന്നും പോലീസില്‍ കേസ് കൊടുക്കണമെന്നും അറിയിച്ചത് വാവാ സുരേഷാണ്.

സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തിയിരുന്നു. പാമ്പ് കടന്നുവെന്ന് പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വാവ സുരേഷിനെ ക്രൈംബ്രാഞ്ച്് ഓഫീസില്‍ വിളിച്ച് വരുത്തിയിരുന്നു. മണിക്കൂറുകളോളം സുരേഷുമായി സംസാരിച്ച് പാമ്പുകളുടെ ഓരോ രീതികളും പോലീസ് മനസ്സിലാക്കുകയായിരുന്നു.

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പാണ്. എന്നാല്‍ മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടാലും അത് രക്ഷപ്പെടാനേ ശ്രമിക്കുകയുള്ളൂവെന്ന് വാവ പറഞ്ഞു. കടിക്കുന്നതിന് വേണ്ടി സൂരജ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും വാവ സുരേഷ് മൊഴി നല്‍കി. കേസിന്റെ സാക്ഷിപ്പട്ടികയിലും ഒരുപക്ഷേ സുരേഷിനെ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയേക്കും. പാമ്പ് കടിയേറ്റത് പാമ്പിന്റെ പകയാണെന്ന നിലയിലായിരുന്നു ആദ്യ പ്രചാരണം. സര്‍പ്പകോപത്തിന് പരിഹാരക്രിയകള്‍ നടത്തണമെന്ന് പോലും ചിലര്‍ പറഞ്ഞിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ തന്റെ അറിവുകള്‍ പങ്കുവെക്കാന്‍ വാവ സുരേഷ് തയ്യാറായത്.

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിന് മറ്റാരുടെയെങ്കിലും ഒത്താശ ലഭിച്ചിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സൂരജുമായുള്ള വിവാഹ മോചനം ജനുവരിയില്‍ ഉത്രയുടെ കുടുംബം ആലോചിച്ചിരുന്നു. എന്നാല്‍ താന്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് സൂരജ് ഇവരോട് ക്ഷമ ചോദിച്ചിരുന്നു. തുടര്‍ന്നാണ് കൊല്ലാനുള്ള പദ്ധതികള്‍ ആലോചിച്ച് തുടങ്ങിയത്. ഇതിന് ആരെങ്കിലും പ്രേരിപ്പിച്ചോ, ഗൂഢാലോചന നടത്തിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

സൂരജിന് 98 പവന്‍, കാര്‍ എന്നിവയ്ക്ക് പുറമേ പലപ്പോഴായി 20 ലക്ഷത്തിലേറെ രൂപയും നല്‍കിയിട്ടുണ്ടെന്നാണ് ഉത്രയുടെ കുടുംബം പറയുന്നത്. വിവാഹത്തിന് മുമ്പ് സൂരജിന് മൂന്ന് ലക്ഷത്തോളം രൂപയും നല്‍കിയിരുന്നു. വിവാഹ ശേഷം എല്ലാ മാസവും പതിനായിരത്തോളം രൂപ പല കാരണങ്ങള്‍ പറഞ്ഞും വാങ്ങിയിരുന്നു. വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരങ്ങളും വാങ്ങി നല്‍കിയിരുന്നു. അതേസമയം ഉത്രയെ ആക്ഷേപിച്ചും കുടുംബത്തെ അപമാനിച്ചും സൂരജിന്റെ അമ്മയും സഹോദരിയും നടത്തുന്ന പരസ്യ പ്രതികരണങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ഉത്ര മരിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് വമ്പന്‍ പദ്ധതികളാണ് സൂരജിനുണ്ടായിരുന്നത്. ഉത്രയുടെ മരണത്തോടെ സ്വത്തുക്കള്‍ പൂര്‍ണമായും സ്വന്തമാക്കാമെന്ന് സൂരജ് ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം പുനര്‍വിവാഹം കഴിച്ച് സ്വന്തമായി ഒരു ധനകാര്യ സ്ഥാപനം തുടങ്ങി ശിഷ്ടജീവിതം അടിച്ചുപൊളിക്കാമെന്നായിരുന്നു കരുതിയത്. ഉത്രയുടെ അമ്മയ്ക്ക് ലഭിക്കുന്ന വിരമിക്കല്‍ ആനുകൂല്യത്തിന്റെ ഒരുപങ്ക് തനിക്കും ലഭിക്കുമെന്നായിരുന്നു സൂരജ് കരുതിയതെന്നാണ് സൂചന.

ഉത്രയ്ക്ക് അണലിയുടെ കടിയേറ്റപ്പോള്‍ തന്നെ അണലി തനിയെ രണ്ടാം നിലയില്‍ എത്തില്ലെന്ന വാവ സുരേഷ് പറഞ്ഞിരുന്നു. മൂര്‍ഖന്‍ ഒരിക്കലും വീടിനുള്ളില്‍ തനിയെ കടക്കാന്‍ സാധ്യതയില്ലെന്നും വാവ പറഞ്ഞിരുന്നു. സൂരജ് പാമ്പിനെ തുറന്നുവിടും മുമ്പ് അതിനെ ക്ഷതമേല്‍പ്പിച്ചിരിക്കാമെന്ന് വാവ പറയുന്നു. ഇതിനായി ബലം പ്രയോഗിക്കുകയോ അടിക്കുകയോ ചെയ്തിരിക്കാം. വീട്ടില്‍ കയറി അണലി കടിക്കുന്നത് അപൂര്‍വമാണ്. അതുകൊണ്ട് തന്നെ രണ്ട് തവണയും വളരെ ആസൂത്രിതമായി നടത്തിയ കൃത്യമാണിതെന്നും വാവാ സുരേഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.