1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്നാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

റോയിയെ കൊല്ലാന്‍ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും സഹായം ലഭിച്ചെന്നും കസറ്റഡി അപേക്ഷയില്‍ പറയുന്നു. ജോളിയടക്കം അറസ്റ്റിലായ മൂന്ന് പ്രതികളേയും ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസ് ഇനി ഈ മാസം പതിനാറിന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും അന്നേ ദിവസം പരിഗണിക്കും. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

താമരശ്ശേരിയിലെ കോടതിയിലേക്ക് കൊണ്ടുപോകാനായി രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളായ ജോളിയെയും, പ്രജികുമാറിനെയും ഇറക്കിയത്. പിന്നാലെ സബ് ജയിലില്‍ നിന്ന് പ്രതി മാത്യുവിനെയും ഇറക്കി. പതിനൊന്ന് മണിയോടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിക്ക് സമീപം ആദ്യം ജോളിയെയും കൊണ്ട് പൊലീസ് വാഹനം എത്തിയപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

മൂന്ന് പ്രതികളും എത്തിയപ്പോള്‍‍ കോടതി കേസ് പരിഗണിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഒന്നും പറയാനില്ലെന്ന് ജോളിയുടെ മറുപടി. മിനിട്ടുകള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് പ്രതികളെയും പതിനാറുവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിക്ക് വേണ്ടി ആളൂര്‍ അസോസിയേറ്റ്സിന്‍റെ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. പിന്നീട് പ്രതികളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.