1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: അകാലത്തിൽ പൊലിഞ്ഞുപോയ പൊന്നോമനയുടെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകി ഒരച്ഛൻ. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായത്. അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി.

ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയും ഇല്ലാത്തവരായിരുന്നു മടങ്ങിയത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാർ 30 ലേറെ വർഷമായി ദുബായിലുണ്ട്. സേവനപ്രവർത്തനങ്ങളിൽ അതീവ തത്പരനായിരുന്ന മകന്റെ ഓർമ നിലനിൽക്കാൻ അതേ പാത ശക്തമാക്കുകയാണ് ഈയച്ഛൻ.

കഴിഞ്ഞ ക്രിസ്മസ് കാലത്താണ് അദ്ദേഹത്തിന്റെ ഇളയമകൻ രോഹിത്തും (19) സുഹൃത്ത് ശരതും (21) ദുബായിൽ കാർ മരത്തിലിടിച്ച് മരിക്കുന്നത്. യു.കെയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഹിത്. അവധിയാഘോഷിക്കാൻ ദുബായിലെത്തിയപ്പോഴാണ് അപകടം. ജീവിതം ഇനിയെങ്ങനെ മുന്നോട്ട് നീങ്ങുമെന്ന തീരാദുഖത്തിനിടെയാണ് സന്നദ്ധ സേവനപ്രവർത്തനം തുടരാൻതന്നെ തീരുമാനിക്കുന്നത്.

കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയം കൃഷ്ണകുമാർ കൂടി അംഗമായ അക്കാഫിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിൽ മുഴുകി. ആവശ്യക്കാർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിവയെല്ലാം എത്തിച്ചു. അതിനിടെയാണ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവരുടെ ജീവിതവും ശ്രദ്ധയിൽപ്പെടുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.