1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2019

സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കി. പുതിയ ലൈസൻസിനും നിലവിലുള്ളത് പുതുക്കുന്നതിനും ഓൺലൈൻ വഴിയാണ് ഇനി അപേക്ഷിക്കേണ്ടത്. ലൈസൻസ് അപേക്ഷകൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യേക പേജ് സജ്ജീകരിച്ചിട്ടുണ്ട്. ഇത് വഴി അപേക്ഷിക്കുന്നവർക്കു പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിച്ച കിയോസ്ക് വഴിയാണ് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുക.

അവന്യൂസ് മാൾ, അൽ കൂത്ത് മാൾ, കുവൈത്ത് സിറ്റിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രം , ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്മെൻറ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സെൽഫ് സർവീസ് കിയോസ്കുകൾ സ്ഥാപിച്ചത്. ലൈസൻസ് ഉടമയുടെ ഫോട്ടോ മാറ്റുന്നതുൾപ്പെടെ എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ വഴി മാത്രമായിരിക്കും.

വിദേശികൾക്ക് 65 വയസ്സാവുകയോ പ്രഫഷൻ മാറുകയോ രാജ്യം വിടുകയോ ചെയ്താൽ ലൈസൻസ് പുതുക്കാൻ കഴിയില്ല. വിദ്യാർഥിയാണെങ്കിൽ പഠനകാലം പൂർത്തിയായാലും അപേക്ഷ നിരസിക്കപ്പെടും. ലൈസൻസ് സമ്പാദിക്കാൻ അനുമതിയുള്ള പ്രഫഷനിലേക്കാണ് മാറ്റമെങ്കിൽ ഗതാഗത വകുപ്പിനെ സമീപിച്ചു വിവരങ്ങൾ പുതുക്കിയാൽ ബ്ലോക്ക് ഒഴിവാക്കാം. ആറ് ഗവർണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെൽഫ് സർവിസ് കിയോസ്കുകൾ സ്ഥാപിക്കാനാണ് ഉദ്ദേശ്യം.

ലൈസൻസ് വിതരണം, പുതുക്കൽ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസുകൾക്ക് പകരം വാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധിക്കും. സിവിൽ ഐഡി കാർഡ് അനുവദിക്കുന്നതിന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.