1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിനും നീക്കങ്ങളാരംഭിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികളെ കുറക്കുന്നതിനുള്ള കരടു നിയമത്തിന് കുവൈത്ത് പാര്‍ലമെന്റ് ഹ്യൂമന്‍ റിസോഴ്‌സ് സമിതി അംഗീകാരം നല്‍കി.

ദേശീയ അസ്സംബ്ലി പാനല്‍ അംഗീകരിച്ച കരട് നിയമ പ്രകാരം രാജ്യത്തിന് ആവശ്യമായ വിദേശികളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് ആറുമാസത്തെ സമയപരിധി നല്‍കി. കൂടാതെ സ്വദേശികളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി ആനുപാതികമായി നിശ്ചിത ശതമാനം വിദേശികളെ മാത്രം തുടരാന്‍ അനുവദിക്കുന്നതിനാണ് നിര്‍ദേശം.

അതേസമയം വിവിധ വിദേശി സമൂഹങ്ങളുടെ നിര്‍ദ്ദിഷ്ട ശതമാനം ക്രമീകരിക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമം ദേശീയ അസംബ്ലി പാനല്‍ പാസാക്കിയെങ്കിലും നിര്‍ദ്ദിഷ്ട പരിധിയോ ശതമാനമോ വ്യക്തമാക്കിയിട്ടില്ല.

നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് ദേശീയ അസംബ്ലി ഹ്യൂമന്‍ റിസോഴ്‌സ് പാനല്‍ ബില്‍ തയ്യാറാക്കിയതെന്ന് മാനവ വിഭവശേഷി വികസന സമിതി എംപി ഖലീല്‍ അല്‍ സാലിഹ് വ്യക്തമാക്കി.

അതേസമയം കരടു നിയമത്തിന്റെ പരിധിയില്‍ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഗള്‍ഫ് പൗരന്മാര്‍, വീട്ടുജോലിക്കാര്‍, ജഡ്ജിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഏവിയേഷന്‍ ഓപ്പറേറ്റര്‍മാര്‍, വലിയ പ്രോജക്ടുകള്‍ക്കായി റിക്രൂട്ട് ചെയ്ത പ്രവാസി തൊഴിലാളികള്‍, സ്വദേശികളുടെ പങ്കാളികള്‍, അവരുടെ കുട്ടികള്‍, മെഡിക്കല്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, മന്ത്രിസഭ തീരുമാന പ്രകാരം ഉള്‍പ്പെടുത്തേണ്ട മറ്റേതെങ്കിലും വിഭാഗം എന്നിവരെയാണ് നിയമ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.