1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

സ്വന്തം ലേഖകൻ: കട്ട് കോപ്പി പേസ്റ്റ് ഈ മൂന്ന് ഓപ്ഷനുകൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ആരാണെന്ന് അധികമാര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ലാറി ടെസ്‌ലര്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനാണ് കമ്പ്യൂട്ടര്‍ ഉപയോഗം ഏറെ അനായാസമാക്കിയ ബുദ്ധികേന്ദ്രം.

ഇന്റര്‍ഫേസ് ഡിസൈനിംഗില്‍ പഠനം നടത്തിയ ലാറി ടെസ്‌ലര്‍ കമ്പ്യൂട്ടറുകളെ യൂസര്‍ ഫ്രെണ്ടലി ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1960കളില്‍ സിലിക്കണ്‍ വാലിയില്‍ ലാറി ടെസ്‌ലര്‍ സാങ്കേതികരംഗത്തെ പ്രധാന കമ്പനികളിലെല്ലാം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു.

പാര്‍ക് (സിറോക്‌സ് പാലോ ആള്‍ട്ടോ റിസര്‍ച്ച സെന്റര്‍) എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത ലാറിയെ സ്റ്റീവ് ജോബ്‌സ് ആപ്പിളിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് പതിനേഴ് വര്‍ഷത്തോളം ഇവിടെ പ്രവര്‍ത്തിച്ച ലാറി ചീഫ് ശാസ്ത്രജ്ഞന്‍ പദവിയില്‍ വരെ എത്തിയിരുന്നു.

ആപ്പിളില്‍ നിന്നും ഇറങ്ങിയ ശേഷം എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുകയും ആമസോണിനും യാഹൂവിനും വേണ്ടി കുറച്ചു നാളുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

“കട്ട്/കോപ്പി പേസ്റ്റ്, ഫൈന്‍ഡ്/ റീപ്ലേസ് തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലാറി ടെസ്‌ലര്‍ സിറോക്‌സിലെ മുന്‍ ഗവേഷകനായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തിദിവസങ്ങള്‍ അനായസകരമാക്കിയതിന് നന്ദി പറയേണ്ടത് അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളോടാണ്,” സിറോക്‌സ് ലാറിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

ലാറിയുടെ ഏറ്റവും പ്രശസ്തമായ കട്ട് പേസ്റ്റ് കമാന്‍ഡുകള്‍ ആദ്യം വന്നത് 1983ല്‍ ആപ്പിള്‍ സോഫ്റ്റവെയറിലാണ്. ലിസ കമ്പ്യൂട്ടറില്‍ തുടങ്ങിയ ഈ കമാന്‍ഡുകള്‍ 1984ല്‍ ആപ്പിളിന്റെ തന്നെ മകിന്‍ഡോഷിലും എത്തി.

ഏതെങ്കിലും ഭാഗം മുറിച്ചെടുത്ത് മറ്റൊരു ഭാഗത്തേക്ക് ഒട്ടിച്ചു ചേര്‍ക്കുന്ന എഡിറ്റിംഗിന്റെ പഴയ രീതിയില്‍ നിന്ന് തന്നെയായിരുന്നു കമ്പ്യൂട്ടറിലെ കട്ട് പേസ്റ്റ് കമാന്‍ഡുകള്‍ക്കുള്ള ആശയം ലാറിക്ക് പ്രചോദനം ലഭിച്ചത്.

അതുവരെ വിദഗ്ദ്ധര്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്ന കമ്പ്യൂട്ടറിനെ സാധാരണക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തലത്തിലേക്ക് എത്തിച്ചതില്‍ ലാറി ടെസ്‌ലറുടെ കണ്ടുപിടുത്തങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.