1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2021

സ്വന്തം ലേഖകൻ: 1953 ന് ശേഷം ആദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. 52 കാരിയായ ലിസ മോണ്ട്‌ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിയ്ക്ക് വധശിക്ഷ ലഭിച്ചത്.

പ്രതിയുടെ മാനസികാവസ്ഥയെ കുറിച്ച് സംശയം നിലനിന്നതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതില്‍ എതിരഭിപ്രായമുണ്ടായെങ്കിലും ട്രംപ് ഭരണകൂടം ശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കുട്ടിയെ കൈവശപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്. അതിന് ശേഷം ബോബിയുടെ ഉദരത്തില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തുകയും ചെയ്തു. 2007 ല്‍ ലിസ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് വധശിക്ഷ നല്‍കിയത്.

കുട്ടികളുണ്ടാവാത്ത വിഷമവും അക്കാരണത്താല്‍ നേരിടേണ്ടി വന്ന അപമാനവും ലിസയുടെ മാനസികാവസ്ഥയ്ക്ക് തകരാറുണ്ടാക്കിയതാവാം ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ശിക്ഷ നടപ്പാക്കാന്‍ തന്നെ അന്തിമമായി തീരുമാനിക്കുകയായിരുന്നു. ലിസ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നില്ലെന്നും അതേ സമയം 67 വര്‍ഷത്തിനിടെ ഒരു വനിതാ കുറ്റവാളിയേയും വധശിക്ഷയ്ക്ക് വിധേയയാക്കിയില്ലെന്ന കാര്യം പരിഗണിക്കണമെന്ന് ലിസയുടെ അഭിഭാഷകനായ കെല്ലി ഹെന്റി വാദിച്ചിരുന്നു.

മാനസികനില തകരാറിലായ ലിസയ്ക്ക് ശിക്ഷയെ കുറിച്ച് തിരിച്ചറിവുണ്ടാകാനിടയില്ലെന്ന കാര്യവും ലിസ കുട്ടിക്കാലം മുതല്‍ അനുഭവിക്കാനിടയായ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള അവഹേളനവും പരിഗണിക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍കോടതി വാദങ്ങള്‍ തള്ളുകയും ശിക്ഷ നടപ്പാക്കാനുള്ള അന്തിമതീരുമാനത്തിനായി സുപ്രീം കോടതിയ്ക്ക് വിടുകയും ചെയ്തു.

സുപ്രീം കോടതി ചൊവ്വാഴ്ച ശിക്ഷ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷമരുന്ന് കുത്തിവെച്ച് ലിസയുടെ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകത്തിനിരയായ സ്റ്റിന്നറ്റിന്റെ ബന്ധുക്കള്‍ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയിരുന്നതായി നീതിന്യായവകുപ്പ് പറഞ്ഞു.

1963 ന് ശേഷം മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് അമേരിക്കയില്‍ നടപ്പാക്കിയത്. പതിനേഴ് കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന വധശിക്ഷാസമ്പ്രദായം കഴിഞ്ഞ കൊല്ലം ട്രംപാണ് പുനഃസ്ഥാപിച്ചത്. ഈ വിഷയത്തില്‍ ട്രംപ് കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.