1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: കര്‍ഷകര്‍ക്കു വന്‍ഭീഷണിയായി പറന്നെത്തുന്ന വെട്ടുകിളികളെ തുരത്താന്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും തീവ്രശ്രമം. രാത്രികാലത്താണ് വെട്ടുകിളികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ തുടരുന്നത്. പൊലീസ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കിയും വീട്ടുപകരണങ്ങള്‍ തട്ടി ഒച്ചയുണ്ടാക്കിയും വെട്ടുകിളികളെ ഓടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും പരക്കെ നാശമുണ്ടാക്കിയ ശേഷമാണ് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കു വെട്ടുകിളികള്‍ നീങ്ങുന്നത്.

പുല്‍ച്ചാടികളുടെ വിഭാഗത്തില്‍പ്പെട്ട ജീവി വര്‍ഗമാണ് മരുഭൂമികളിലെ വെട്ടുകിളികള്‍. മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഇവ വളരുന്നത്. ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുക. അതിനാല്‍ ഇവരുടെ ആവാസ വ്യവസ്ഥ മരുഭൂമികളിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഇവയുടെ പ്രജനന കേന്ദ്രം. എന്നാല്‍ ഇവയ്ക്ക് മുട്ടയില്‍ നിന്നും വിരിഞ്ഞ് വന്ന് ചിറക് മുളക്കുന്ന ഘട്ടത്തില്‍ (ഹോപ്പര്‍ ഡെവലപ്‌മെന്റ് ) ഭക്ഷണമായി പച്ചപ്പിന്റെ ആവശ്യം വരും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കില്‍ ഇവയുടെ ആവശ്യത്തിനുള്ള ഭക്ഷണം മരുഭൂമികളില്‍ നിന്ന് ലഭിക്കണമെന്നില്ല.

ഒറ്റയ്‌ക്കോ ചെറിയ കൂട്ടമായോ ഉള്ള വെട്ടുകിളികള്‍ അപകടകരമല്ല. എന്നാല്‍ ഇവയുടെ എണ്ണം കൂടുന്നതിനുസരിച്ച് ഇവയുടെ സ്വഭാവത്തില്‍ മാറ്റം വരും. വലിയ സംഘങ്ങളായി ഇവ മാറും. ഒരു സ്‌ക്വയര്‍ കിലോ മീറ്റര്‍ പരിധിയിലുള്ള ഒരു വെട്ടു കിളിക്കൂട്ടത്തില്‍ 4 കോടി മുതല്‍ 8 കോടി വരെ അംഗങ്ങളുണ്ടാവും. വെട്ടുകിളികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇവയുടെ ഒരു തലമുറയിലെ എണ്ണം ഇരുപത് ഇരട്ടി വര്‍ധിക്കും. അതായത് തുടര്‍ന്നുള്ള പ്രജനങ്ങളില്‍ ഇവയുടെ എണ്ണം ഇതിലും കൂടും. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

വെട്ടുകിളികളുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എല്‍.ഡബ്ല്യു.ഒ ( ലോകസ്റ്റ് വാര്‍ണിംഗ് ഓര്‍ഗൈനൈസേഷന്‍) ഈ വര്‍ഷത്തെ റാബി കൃഷി സീസണ്‍ സമയത്ത് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെട്ടുകിളുടെ അസാധാരണ സാന്നിധ്യത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയത്ത് ചില നിയന്ത്രണ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇവയുടെ വര്‍ധനവിന് അനുകൂല സാഹചര്യമൊരുക്കി. ഈ സമയത്ത് ബലോചിസ്താന്‍, സിന്ധ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ വെട്ടുകിളി കൂട്ടങ്ങളുടെ പ്രബല സാന്നിധ്യമുണ്ടായിരുന്നു. ഈ രാജ്യങ്ങളിലെ വെട്ടുകിളി കൂട്ടങ്ങളില്‍ പെട്ടവര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നതും.

വളരെ കൂടിയ എണ്ണത്തില്‍ വന്നിരിക്കുന്ന ഈ വെട്ടുകിളികളുടെ വിശപ്പ് മാറ്റാനുള്ളത്രയും ഭക്ഷണം രാജസ്ഥാന്‍ വയലുകളില്‍ ഇപ്പോഴില്ല. തുടര്‍ന്ന് ഇവ പച്ചപ്പുള്ള എല്ലായിടങ്ങളിലേക്കും ചേക്കേറി. എല്‍.ഡബ്ല്യൂ.ഒ പറയുന്ന കണക്കു പ്രകാരം നിലവില്‍ രാജസ്ഥാനില്‍ മൂന്നോ നാലോ വെട്ടുകിളി സംഘങ്ങളാണ് ഉള്ളത്. അതായത് ഒരു സംഘത്തില്‍ ശരാശരി വരുന്ന നാലു കോടി വെട്ടുകിളികള്‍ എന്ന കണക്കെടുത്താല്‍ 16 കോടിയോളം വെട്ടുകളികള്‍ രാജസ്ഥാനിലുണ്ട്. മധ്യപ്രദേശില്‍ രണ്ടോ മൂന്നോ വെട്ടു കിളി സംഘമുണ്ടെന്നാണ് കണക്കുകള്‍. പ്രജനനത്തിനു ശേഷം ഇവ സഞ്ചാരം നിര്‍ത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.