1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: കോവിഡ്–19നെ തുടർന്ന് ഗൾഫിലുണ്ടായ പ്രതിസന്ധി താൽക്കാലികമാണെന്നും അവ തരണം ചെയ്ത് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ലുലു അടക്കമുള്ള റിട്ടെയിൽ വ്യാപാരികൾ പ്രയാസങ്ങൾ നേരിടുന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈത്ത് യുദ്ധാനന്തരം ഗൾഫിൽ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകൾ ഭീതിപൂണ്ടിരുന്നു. എന്നാൽ, ഗൾഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ ലക്ഷക്കണക്കിന് പേർ വീണ്ടും എത്തി. അതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം സൂമിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. നിത്യജീവിതത്തിൽ മനുഷ്യർ ഏറെ കഷ്ടപ്പെടുന്നു. ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതുന്ന യൂറോപ്പ്–അമേരിക്കൻ രാജ്യങ്ങളിൽ പോലും ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മെഡിക്കൽ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുപോയതിനാൽ ലക്ഷത്തിലേറെ പേരാണ് മരിച്ചത്. എന്റെ പരിചയക്കാരും സുഹൃത്തുക്കളും പോലും ഇതിലുൾപ്പെട്ടു. മനുഷ്യന്റെ കഴിവിനപ്പുറceണ് ലോകത്ത് സംഭവിക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യർ സുരക്ഷിതരല്ലെന്ന് വേണം കരുതാൻ. ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പലരുടെയും ശമ്പളം 50% വരെ വെട്ടിക്കുറച്ചു. ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരുമേറെ. കേരളത്തിലേയ്ക്ക് 80% പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇവർക്ക് ഉപജീവനമാർഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മാധ്യമങ്ങളുൾപ്പെടെയുള്ളവർ ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അതുപോലെ കേരളത്തിൽ നിക്ഷേപങ്ങൾ നടത്താൻ വിദേശങ്ങളിലുള്ള മലയാളി സംരംഭകർ ശ്രദ്ധചെലുത്തണമെന്നും അതില്ലാത്തതിന്റെ പ്രയാസം പലരും ഇപ്പോൾ അനുഭവിക്കുന്നതായും യൂസഫലി പറഞ്ഞു. ഇന്ത്യയിലെ തയ്യൽക്കാർ, ബാർബർമാർ തുടങ്ങിയ ജോലി ചെയ്യുന്നവരെല്ലാം വലിയ പ്രയാസത്തിലാണ്. ലോക് ഡൗൺ വീണ്ടും നീണ്ടുപോയാൽ ഇതിലും വലിയ പ്രയാസമായിരിക്കും അനുഭവിക്കേണ്ടിവരിക. അത് ശാശ്വതമായി മറികടക്കാനുള്ള ശ്രമമാണ് വേണ്ടത്. ലുലു ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടില്ല. വരും മാസങ്ങളിൽ വെട്ടിക്കുറയ്ക്കുകയുമില്ല. ഇവരുടെയെല്ലാം നാട്ടിലെ കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖല പോലെ തന്നെ കോവിഡ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭക്ഷ്യവിതരണ മേഖല. ഇൗ പ്രതിസന്ധി തരണം ചെയ്യാൻ ലുലുവിന്റെ ഗൾഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത 9 മാസത്തേയ്ക്കുള്ള അവശ്യവസ്തുക്കൾ 3 മാസം മുൻപ് തന്നെ ലുലുവിൽ ശേഖരിച്ചു. വൈകാതെ അത് ഒരു വർഷത്തേയ്ക്കുള്ളതാക്കി മാറ്റും. വരും ദിവസങ്ങളിൽ 12 പ്രത്യേക വിമാനങ്ങളിൽ കൂടി ഭക്ഷ്യോത്പന്നങ്ങൾ കൊണ്ടുവരാനും തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. ഗള്‍ഫിലെ ദീർഘദൃഷ്ടിയുള്ള ഭരണകർത്താക്കൾ അവശ്യസാധനങ്ങൾ ഉറപ്പുവരുത്താൻ ബദ്ധശ്രദ്ധാലുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോർക്കയ്ക്ക് പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. ഗൾഫിൽ ദുരിതമനുഭവിക്കുന്നവർക്ക് കേരളത്തിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ നൽ‍കുക പ്രയാസമാണ്. കാരണം അതിനുള്ള ഫണ്ട് നോർക്കയുടെ കൈവശമില്ല. എങ്കിലും തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നോർക്ക കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു. യുഎഇയിൽ താമസ വീസയുള്ളവർക്ക് ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. സന്ദർശക വീസയിലുള്ളവരുടെയും മറ്റും കാര്യങ്ങള്‍ ഇവിടുത്തെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം. ഇത്തരം സംഘടനകളെ താൻ അകമഴിഞ്ഞ് സഹായിക്കാറുണ്ടെന്നും അല്ലാതെയും സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും നോർക്ക വൈസ് ചെയർമാൻ കൂടിയായ യൂസഫലി പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിലും തടസ്സങ്ങളുണ്ട്. ഒരു വിമാനത്താവളത്തിൽ ഒരു ദിവസം എത്തേണ്ട യാത്രക്കാരുടെ എണ്ണത്തിലെ പരിമിതി, ഇവരെ ക്വാറന്റീൻ ചെയ്യിക്കാനുള്ള സംവിധാനം ഒരുക്കുന്നതിലെ പ്രയാസം, ചികിത്സ തുടങ്ങിയവയൊക്കെ പരിഗണനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.