1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുന്നു. എൻസിപി നേതൃത്വവുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കിയ കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പലാണ് ഇപ്പോൾ. കോൺഗ്രസ് ആവശ്യങ്ങളും മാനദണ്ഡങ്ങളും ശിവസേന അംഗീകരിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകു.

വെള്ളിയാഴ്ചയോടെ വിഷയത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. സംയുക്ത വാർത്ത സമ്മേളനം നടത്തി മൂന്ന് കക്ഷികളും സഖ്യ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എൻഡിഎ സഖ്യം അവസാനിപ്പിച്ച ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിൽ കോൺഗ്രസ് – എൻസിപി കൂട്ടുകെട്ടിന്റെ നിർദേശം അംഗീകരിക്കുമൊയെന്ന് കണ്ടറിയണം. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ശിവസേനയ്ക്കും എന്‍സിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാല്‍ ഇതിനോട് ശിവസേന പൂര്‍ണമായും വഴങ്ങിയിട്ടില്ല.

മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് അംഗീകരിച്ചാലും ആദ്യ ടേം വേണമെന്ന കാര്യത്തിൽ ശിവസേന കടുംപിടിത്തം പിടിച്ചേക്കും. എന്നാൽ എൻസിപിക്ക് തന്നെ ആദ്യ ടേം നൽകണമെന്നാണ് കോൺഗ്രസും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലും തീരുമാനമായൽ മാത്രമേ സഖ്യ സർക്കാർ രൂപീകരണമുണ്ടാകു.

അതേസമയം രാജ്യസഭയിൽ തന്റെ ഇരിപ്പിടം മാറ്റിയതിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. എൻഡിഎയിൽനിന്ന് ശിവസേനയെ ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്നു പറഞ്ഞ സഞ്ജയ് റാവത്ത് ഇക്കാര്യം ചൂണ്ടികാട്ടി രാജ്യസഭ അധ്യക്ഷൻ വെങ്കയ നായിഡുവിന് കത്തയച്ചു.

മൂന്ന് പാർട്ടികൾക്കും സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.