1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോട്ടിലേയ്ക്ക് മാറ്റിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാര്‍. ബി.ജെ.പിയെ പേടിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പൂരിലേക്ക് മാറ്റുന്നു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് വഡെട്ടിവാറിന്റെ പ്രതികരണം.

‘ഞങ്ങള്‍ ഞങ്ങളുടെ എം.എല്‍.എമാരെ എവിടെക്കും മാറ്റിയിട്ടില്ല. എല്ലാ എം.എല്‍.എമാരും അവരവരുടെ സ്ഥലങ്ങളിലാണ്. ചില എം.എല്‍.എമാര്‍ ഏതെങ്കിലും സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാവും.’, വഡെട്ടിവാര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ 44 എം.എല്‍.എമാരുടെ യോഗം മുംബൈയില്‍ വിളിച്ചിരുന്നു. അതിനു ശേഷമാണ് എം.എല്‍.എമാരെ മാറ്റുന്നു എന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.

അതേസമയം, ശിവസേനയുടെ എം.എല്‍.എമാരെ അടക്കം റാഞ്ചാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വിജയ് വഡെട്ടിവാര്‍ പറഞ്ഞു. ഓരോ എം.എല്‍.എ മാര്‍ക്കും 25 കോടി മുതല്‍ 50 കോടി വരെയാണ് വാഗ്ദാനം ചെയ്തതെന്നും വഡെട്ടിവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശിവസേനയുടെ എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 50 കോടി വരെയും. ഞങ്ങള്‍ ബി.ജെ.പിയോടു പറഞ്ഞു, ഈ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ജനങ്ങളോട് അറിയിക്കുമെന്നും.’, വഡെട്ടിവാര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി കര്‍ണാടകയില്‍ ആരംഭിച്ച കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ പ്രയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നിതില്‍ റാവത്ത് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തത് സ്ഥിരീകരിച്ചായിരുന്നു നിതില്‍ റാവത്തിന്റെ പ്രതികരണം.

“ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവുമായി സമീപിച്ചിട്ടുണ്ട്. രണ്ടു എം.എല്‍.എമാര്‍ക്ക് ഇന്നലെ അവര്‍ 25 കോടി വാഗ്ദാനം ചെയ്തു. കര്‍ണാടകയില്‍ പ്രയോഗിച്ച കുതിരക്കച്ചവട രീതി തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും,” നിതില്‍ റാവത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.