1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2019

സ്വന്തം ലേഖകൻ: പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ 2019-ല്‍ പുറത്തിറങ്ങിയത് 194 മലയാളം സിനിമകള്‍. ഇതില്‍ 113 സിനിമകളും സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ്. 600 കോടിയായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമയുടെ നിക്ഷേപം. പുതുമയുളള വിഷയങ്ങളും മികച്ച അവതരണവും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ട് ചിത്രങ്ങള്‍ മികവ് പുലര്‍ത്തി.

സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും ഒന്നിനു പുറകെ ഒന്നായി മികച്ച കഥാപാത്രങ്ങളുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാള സിനിമയില്‍ ആദ്യമായാണ് 113 നവാഗത സംവിധായകർ ഒരു വർഷം അരങ്ങേറ്റം കുറിക്കുന്നത്. 8 സിനിമകൾ അന്യഭാഷകളിൽ നിന്ന് മൊഴിമാറ്റി എത്തിയവയാണ്.

കെട്ടിലും മട്ടിലും പുതുമയുമായി പുതുമുഖ സംവിധായകർ വരവറിയിച്ചപ്പോൾ പഴയ വീഞ്ഞ്‌ പഴയ കുപ്പിയിൽത്തന്നെ ആക്കിയുള്ള സിനിമകൾക്കും കുറവ്‌ ഉണ്ടായിരുന്നില്ല. സൂപ്പർതാര പരിവേഷങ്ങളും വൻ മുതൽമുടക്കും കണ്ട് കണ്ണ് മഞ്ഞളിക്കുന്നവരല്ല പ്രേക്ഷകർ എന്ന് ഈ വർഷവും ബോധ്യപ്പെട്ടു.

മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിൽ നിന്നുള്ള വരുമാനം കൊണ്ട് അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 197 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്.

കഴി‍ഞ്ഞ വർഷത്തെ ആദ്യ തിയറ്റർ ബോക്‌സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗർണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കലക്‌ഷൻ നേടി.

വിജയ് സൂപ്പറും പൗർണമിയും, കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ, ഉയരെ, തണ്ണീർമത്തൻ ദിനങ്ങൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ട്യോളാണെന്റെ മാലാഖ എന്നിവയാണ് 2019 ലെ വമ്പൻ ഹിറ്റുകൾ.

അള്ള് രാമചന്ദ്രൻ, അഡാറ് ലൗ, ജൂൺ, കോടതി സമക്ഷം ബാലൻ വക്കീൽ, മേരാ നാം ഷാജി, അതിരൻ, ഒരു യമണ്ടൻ പ്രണയകഥ, ഇഷ്ക്ക്, വൈറസ്, ഉണ്ട, പതിനെട്ടാംപടി, പൊറിഞ്ചു മറിയം ജോസ്, ലൗ ആക്‌ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്സ് ഡേ, ഹെലൻ എന്നീ ചിത്രങ്ങൾ സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്‌സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.