1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും സഭയിൽ പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം പിണറായി പൂർണ്ണമായി തള്ളി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.

ഏഴു പേരെ വെടിവച്ചു കൊന്നതിലുള്ള കുറ്റബോധം കൊണ്ടാണ് പിണറായി വിജയൻ ദീർഘനേരം പ്രസംഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള മറുപടിയായി പറഞ്ഞു. അന്നും ഇന്നും മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി.

അതിനിടെ, കോഴിക്കോട് അറസ്റ്റിലായ രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് പ്രോസിക്യൂഷന്‍. ഇതിനായി കോടതിയില്‍ രണ്ടു ദിവസത്തെ സമയം കൂടുതല്‍ ആവശ്യപ്പെടും. രണ്ടു ദിവസം കഴിഞ്ഞായിരിക്കും പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. പൊലീസ് റിപ്പോര്‍ട്ടില്‍ മാവോയിസ്റ്റെന്നു പറയുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പ്രതികൾക്കെതിരായ യുഎപിഎ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് പറഞ്ഞു. ജാമ്യാപേക്ഷയിൽ ഇന്നു തന്നെ തീരുമാനമെടുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്ന കാര്യം നോക്കട്ടെയെന്ന് കോടതി പറഞ്ഞു.

അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിര്‍ത്തു. പ്രതികൾക്ക് ജാമ്യം അനുവദിക്കാനാകില്ല. മാത്രമല്ല അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കി. യുഎപിഎ എതിർക്കുകയാണെന്ന് പറഞ്ഞ പിണറായി യുവാക്കളെ അറസ്റ്റു ചെയ്‌ത പൊലീസ് നടപടിയെ ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു.

യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താല്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.