1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുകൾ നാളെയും മറ്റന്നാളുമായി പൊളിക്കും. മരടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മുതൽ വെെകീട്ട് അഞ്ച് വരെയാണ് നിരോധനാജ്ഞ. 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

നാളെ രാവിലെ കൃത്യം 11 മണിക്ക് എച്ച്ടുഒ ഫ്ളാറ്റിൽ സ്ഫോടനം നടക്കും. വെറും സെക്കൻഡുകൾ കൊണ്ട് കൂറ്റൻ കെട്ടിടങ്ങൾ നിലംപതിക്കും. കനത്ത സുരക്ഷയാണ് മരടിൽ ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്നത് കാണാൻ ആയിരങ്ങളാണ് മരടിൽ എത്തുക.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി. ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഫ്‌ളാറ്റിലെ മോക്ഡ്രില്‍ നടപടിക്രമങ്ങളാണ് പൂര്‍ത്തിയായത്. മോക്ഡ്രില്‍ വിജയകരമായിരുന്നെന്ന് ഐ.ജി. വിജയ് സാഖറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ ചെറിയ ചെറിയ പോരായ്മകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോരായ്മകള്‍ പരിഹരിക്കുമെന്നും സൈറണ്‍ കുറച്ചുകൂടി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം.

പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യ വിലയിരുത്തലിന് ശേഷമാണ് മോക്ഡ്രില്‍ നടന്നത്. എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ മരട് നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.

മോക്ഡ്രില്ലിന്റെ ഭാഗമായി നാലുതവണ സൈറണ്‍ മുഴങ്ങി. സൈറണ്‍ മുഴങ്ങുന്നതിന് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍. നഗരസഭയ്ക്ക് അകത്താണ് സൈറണ്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ സൈറണ് ശേഷമാണ് സ്‌ഫോടനം സംഭവിക്കുക. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ഗതാഗത നിയന്ത്രണമുള്‍പ്പടെ ആരംഭിക്കും. മോക്ഡ്രില്ലിന്റെ ഭാഗമായി കുണ്ടന്നൂര്‍ – തേവര പാതയിലെ ചെറുറോഡുകളില്‍ ഗതാഗതം തടഞ്ഞു. കുണ്ടന്നൂര്‍-തേവര പാലം വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചു.

സ്‌ഫോടനം വിജയകരമായി പൂര്‍ത്തിയാക്കി എന്നറിയിക്കുന്നതിന് വേണ്ടിയാണ് നാലാമത്തെ സൈറണ്‍. നാലാമത്തെ സൈറണിന് ശേഷം ഗതാഗതം പുനഃസ്ഥാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.