1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2018

സ്വന്തം ലേഖകന്‍: ബദല്‍ നോബേല്‍ സാഹിത്യ പുരസ്‌കാരം കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്. ലൈംഗികാരോപണത്തില്‍ മുങ്ങി സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താന്‍ സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരം കരീബിയയിലെ ഗ്വാഡലൂപ്പില്‍നിന്നുള്ള എഴുത്തുകാരി മാരിസ് കോന്‍ഡെ സ്വന്തമാക്കി.

സ്വീഡനിലെ സ്റ്റോക്കോമിലെ ഒരു സാധാരണ ലൈബ്രറിയി!ല പുസ്തകങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു സാഹിത്യലോകം കൗതുകത്തോടെ ഉറ്റുനോക്കിയ പുരസ്‌കാര പ്രഖ്യാപനം. തുടര്‍ന്നു മാരിസിന്റെ പ്രതികരണമുള്‍പ്പെട്ട വിഡിയോയും പ്രദര്‍ശിപ്പിച്ചു. കൊടുങ്കാറ്റുകളും ഭൂചലനവും കൊണ്ടു മാത്രം ലോകശ്രദ്ധയില്‍ വരുന്ന ഇത്തിരിക്കുഞ്ഞന്‍ രാജ്യമായ ഗ്വാഡലൂപ് ഈ വിധം അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണു മാരിസ് (81) പറഞ്ഞത്.

പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച 87,000 പൗണ്ടാണു പുരസ്‌കാരത്തുക. ഡിസംബര്‍ 9 നു പുരസ്‌കാര സമര്‍പ്പണം. നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതു ഡിസംബര്‍ 10 നാണ്. സെഗു, ക്രോസിങ് ദ് മാങ്‌ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകള്‍ സ്വന്തം പേറിലുള്ള മാരിസ് കോന്‍ഡെ ലോകസാഹിത്യത്തിന്റെ ഭാഗമായ വലിയ കഥാകാരിയാണെന്ന് ബദല്‍ നൊബേല്‍ ജൂറി അധ്യക്ഷ ആന്‍ പല്‍സൊന്‍ പറഞ്ഞു.

ജേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ സ്വീഡിഷ് അക്കാദമിക്കുള്ള നിഗൂഢ നടപടിക്രമങ്ങളെ പരിഹസിക്കുന്നവണ്ണം ലളിതവും സുതാര്യവുമായിരുന്നു ബദല്‍ നൊബേല്‍ വിധിനിര്‍ണയം. സ്വീഡനിലെ ലൈബ്രേറിയന്‍മാരില്‍നിന്ന് നാമനിര്‍ദേശം ക്ഷണിച്ച ശേഷം അവരില്‍നിന്നു 4 എഴുത്തുകാരെ വായനക്കാരുടെ വോട്ടിലൂടെ തിരഞ്ഞെടുത്തശേഷം വിദഗ്ധ സമിതി ജേതാവിനെ നിശ്ചയിച്ചു. അവസാന 4 പേരിലുണ്ടായിരുന്ന ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറാകാമി സ്വമേധയാ പിന്മാറിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.