1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2020

സ്വന്തം ലേഖകൻ: ഈജിപ്തിലെ കെയ്‌റോയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനൊരുങ്ങുന്നു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ‘ഹയോ’മിന്റെ റിപ്പോര്‍ട്ട് പ്രകാരം നെതന്യാഹുവും മുഹമ്മദ് ബിന്‍സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ശ്രമങ്ങള്‍ കെയ്‌റോയില്‍ വെച്ച് സാധ്യമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇസ്രഈല്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എസ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ സംയുക്ത കൂടിക്കാഴ്ച നടക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നാണ് ഒരു അറബ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഈ മാധ്യമത്തോട് പറയുന്നത്.

ഒപ്പം യു.എ.ഇ, ഒമാന്‍, ബഹ്‌റിന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയ്ക്കും ഉച്ചകോടിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും ക്ഷണിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നിലവില്‍ ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി മാത്രമേ ഇസ്രഈലിന് നയതന്ത്ര ബന്ധം ഉള്ളൂ.

അറബ് രാജ്യങ്ങളുമായി അടുക്കാനുള്ള ഇസ്രഈലിന്റെ ശ്രമം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഊര്‍ജിതമായി നടന്നിട്ടുണ്ട് എന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇസ്രഈലിന്റെയും ബഹ്‌റിന്റെയും വിദേശകാര്യമന്ത്രിമാര്‍ അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎ.ഇ, സൗദി തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലുമായി രഹസ്യകൂടിക്കാഴ്ചകള്‍ നടത്തിട്ടുണ്ടെന്ന ആരോപണവും നേരത്തെ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സുഡാന്‍ സൈനിക നേതാവും തമ്മില്‍ ഉഗാണ്ടയില്‍ വെച്ച് രഹസ്യകൂടിക്കാഴ്ച നടന്നത്.

ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനകളെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സാവധാനം മറക്കുകയാണെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുമുണ്ട്.

എന്നാല്‍ ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ അറബ് ലീഗും, ഓര്‍ഗൈനസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനും തള്ളിക്കളഞ്ഞിരുന്നു. സൗദിയും യു.എ.ഇയും ഉള്‍പ്പെടുന്ന ഒ.ഐ.സിയിലെ 57 അംഗരാജ്യങ്ങളും ഒരുതരത്തിലും സഹകരിക്കില്ലെന്നാണ് ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.