1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ.യെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ഇ.ഒ. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെതിരെ കമ്പനി നടപടി സ്വീകരിച്ചത്. മക്‌ഡൊണാള്‍ഡ്‌സ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് കമ്പനിയില്‍നിന്ന് പുറത്തുപോകേണ്ടിവരുന്നത്.

കമ്പനിയിലെ മാനേജര്‍മാരും ഉയര്‍ന്നഉദ്യോഗസ്ഥരും കീഴ്ജീവനക്കാരുമായി നേരിട്ടോ അല്ലാതയോ പ്രണയബന്ധങ്ങളിലോ മറ്റുരഹസ്യബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് കമ്പനി വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെതിരെ കമ്പനി നടപടി സ്വീകരിച്ചത്.

വിടവാങ്ങുന്നതിന് മുന്നോടിയായി കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് തനിക്ക് ഒരു തൊഴിലാളിയുമായി വളരെ അടുത്തബന്ധമുണ്ടായെന്ന് സമ്മതിച്ചു. ഇത് തെറ്റായിപ്പോയെന്നും കമ്പനി ബോര്‍ഡിന്റെ തീരുമാനത്തോട് യോജിക്കുന്നതായും ഇതാണ് ഇവിടെനിന്ന് പോകാനുള്ള സമയമെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു.

കമ്പനി വിടുമ്പോള്‍ സ്റ്റീവിന് നല്‍കേണ്ട പ്രത്യേക പാക്കേജ് എന്താണെന്ന് കമ്പനി തിങ്കളാഴ്ച അറിയിക്കും. സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമേ കമ്പനി ബോര്‍ഡില്‍നിന്നും അദ്ദേഹം ഒഴിവാകുമെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് വ്യക്തമാക്കി. 2015-മുതല്‍ ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലകളിലൊന്നായ മക്‌ഡൊണാള്‍ഡ്‌സിന്റെ സിഇഒയാണ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക്.

അതേസമയം, കമ്പനിയിലെ ഏത് തൊഴിലാളിയുമായാണ് സിഇഒ അടുത്തബന്ധം പുലര്‍ത്തിയതെന്ന വിവരം മക്‌ഡൊണാള്‍ഡ്‌സ് പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച ഒരുവിവരവും ലഭ്യമല്ലെന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് സ്ഥാനമൊഴിയുന്നതോടെ മക്‌ഡൊണാള്‍ഡ്‌സ് യു.എസ്.എ.യുടെ പ്രസിഡന്റ് ക്രിസ് കെംപ്‌സിന്‍സ്‌കിയെയാണ് കമ്പനി പുതിയ സിഇഒയായി നിയമിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.