1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം നടന്നു. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു സംസ്‌കാരം. അമേരിക്കൻ സമയം രാവിലെ പതിനൊന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30 ന് ആരംഭിച്ച ചടങ്ങുകൾ ഇന്നു പുലർച്ചെ മൂന്നരയോടെ അവസാനിച്ചു.

അമേരിക്കയിലുടെ ബന്ധുക്കളാണ് മെറിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ മെറിന്റെ പിതാവ് ജോയ്, മാതാവ് മേഴ്‌സി, മകൾ രണ്ടു വയസുകാരി നോറ എന്നിവരും മറ്റു ബന്ധുക്കളും ഓൺലെെനിലൂടെ തത്സമയമായി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. മെറിന്റെ മുഖം സ്‌ക്രീനിൽ തെളിയുമ്പോൾ തനിക്കിനി ഒരിക്കലും അമ്മയെ നേരിട്ടു കാണാൻ സാധിക്കില്ലെന്ന് നോറയ്‌ക്ക് അറിയില്ല. അമ്മയ്‌ക്ക് അന്ത്യചുംബനം നൽകാനും നോറയ്‌ക്ക് സാധിച്ചില്ല. മകളെ തന്റെ പിതാവിനും മാതാവിനും ഒപ്പം നിർത്തിയാണ് മെറിൻ അമേരിക്കയിലേക്ക് തിരിച്ചുപോയത്.

സംസ്‌കാര ശുശ്രൂഷകൾക്ക് മുന്നോടിയായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ.മാത്യു മൂലക്കാട്ട് എന്നിവർ വീഡിയോ സന്ദേശം നൽകി. അമേരിക്കയിലെ പ്രാർത്ഥനാ ചടങ്ങിനു മുൻപ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു.

എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മെറിന്റെ മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നത്. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റിട്ടുണ്ട്. ഇതിന് പുറമേ മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ സാധിച്ചില്ല. ഇക്കാര്യം ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി-മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി.

അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്‌പ്രിങ്‌സ് ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയി ജൂലെെ 28 വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്‌ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാർഡിൽനിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിൻ. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടിൽവച്ച് മെറിനെ കുത്തിവീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.