1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2020

സ്വന്തം ലേഖകൻ: ജോലികള്‍ നഷ്ടപ്പെടുന്നതും ഭാഷാ പഠന ക്ളാസുകള്‍ റദ്ദാക്കപ്പെടുന്നതും കാരണം കോവിഡ് 19 വിദേശ കുടിയേറ്റക്കാര്‍ക്ക് കടുത്ത ആഘാതമാണു വരുത്തി വയ്ക്കുന്നതെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ആനുപാതികമല്ലാത്ത രീതിയില്‍ കടുത്ത ആഘാതമാണ് കൊറോണ വൈറസ് കാരണം കുടിയേറ്റക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് എന്ന ഒഇസിഡി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്പില്‍ വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു എന്നതുകൊണ്ട് വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ അവഗണിക്കപ്പെടാന്‍ പാടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

ലണ്ടനില്‍ കൊവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സഹോദരന്‍ പിയേഴ്‌സ് കോര്‍ബിനും പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടും. നേരത്തെ ഇദ്ദേഹത്തിന് പൊലിസ് 10,000 പൗണ്ട് പിഴ ചുമത്തിയിരുന്നു.

ലണ്ടനില്‍ ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. മുഖത്ത് മാസ്‌ക് ധരിക്കുന്നത് തടയുക, കൊവിഡ് വാക്‌സിന്‍ കുത്തിവെക്കുന്നത് തടയുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍.

കൊവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കള്ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അടച്ചിടൽ പ്രഖ്യാപനം നടത്തിയത്. അതേസമയം സ്കൂളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘രാജ്യത്തെ എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുന്നു.’ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ബുധനാഴ്ച അർധരാത്രി നിലവിൽ വരും.

അവശ്യസേവന വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതി. അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളിൽ കയറ്റാനാകൂ.

അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകൾ അടച്ചിടും. ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഉണ്ടാകില്ല. വീടിന് അഞ്ചുകിലോമീറ്റർ ദൂരപരിധിയിൽ വ്യായാമത്തിനായി പോകാൻ അനുവാദം നൽകിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കും.

സ്കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവർത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

ഒറ്റയക്ക് താമസിക്കുന്നവർക്ക് സാമൂഹിക ഒറ്റപ്പെടലോ, മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി സോഷ്യൽ ബബിൾ എന്നൊരു പരിപാടിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒറ്റക്ക് താമസിക്കുന്നവർക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാൻ സാധിക്കും.

നിയന്ത്രണങ്ങൾ കർശനമാണെന്ന് തോന്നാമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആറ് ആഴ്ചകളിൽ ഒന്നിച്ച് നിൽക്കുകയാണെങ്കിൽ അർഥവത്തായ രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.’ അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.