1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2019

സ്വന്തം ലേഖകൻ: 2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി.. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.2018ലെ ലോക സുന്ദരി മെക്‌സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്.

23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്.

ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം.

ടോണി ആന്‍ സിംഗ് ലോകസുന്ദരിയായെങ്കിലും ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്നത് നൈജീരിയയില്‍ നിന്നുള്ള സുന്ദരി നികാച്ചി ഡഗ്ലസ് ആയിരുന്നു. 2019 ലെ ലോകസുന്ദരിമാര്‍ക്കായുള്ള അവസാന അഞ്ചില്‍ ഇടം നേടിയ സുന്ദരിയായിരുന്നു നികാച്ചി ഡഗ്ലസ്. മത്സരഫല പ്രഖ്യാപന സമയത്ത് നികാച്ചിയുടെ പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളിലും അന്തര്‍ദേശീയ തലത്തില്‍ ആളുകളുടേയും ഹൃദയം കവര്‍ന്നത്.

ലോകസുന്ദരിയായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിന് സമ്മാനം ലഭിച്ച സന്തോഷം തുളളിച്ചാടിയും സ്റ്റേജില്‍ രണ്ട് ചുവട് നൃത്തം വച്ചും ടോണി ആന്‍ സിംഗിനെ ആശ്ലേഷിച്ചുമാണ് നികാച്ചി പങ്കുവച്ചത്. മത്സരഫലത്തിന്‍റെ അമ്പരപ്പ് വിട്ടുമാറാതിരുന്ന ടോണിയെ കിരീടധാരണ സമയത്ത് പ്രോല്‍സാഹിപ്പിക്കാനും നികാച്ചി മുന്‍പിലുണ്ടായിരുന്നു.

ഇതിനോടകം തന്നെ ഫലപ്രഖ്യാപന വേളയിലെ നികാച്ചിയുടെ പ്രതികരണ വീഡിയോ വൈറലായിക്കഴിഞ്ഞു. ഒരാളെ അഭിനന്ദിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥ ഇത്രയെങ്കിലും വേണമെന്ന കുറിപ്പോടെയാണ് നികാച്ചിയുടെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്. മറ്റുള്ളവരുടെ നേട്ടത്തില്‍ സന്തോഷിക്കാന്‍ നിക്കാച്ചിയെ കണ്ടുപടിക്കണമെന്നാണ് ആളുകളുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.