1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സ്വന്തം ലേഖകൻ: മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.

സൈനികര്‍ക്ക് രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ലോകത്തെങ്ങുമുള്ള ഓരോ ഇന്ത്യാക്കാരനും വിശ്വസിക്കുന്നത്. ലഡാക്കിലെ സൈനികര്‍ ജോലി ചെയ്യുന്ന മലനിരകളേക്കാള്‍ ഉയരത്തിലാണ് സൈന്യത്തിന്റെ ധീരത, നിങ്ങളുടെ കൈകള്‍ ലഡാക്ക് മലനിരകളെപ്പോലെ ശക്തമാണ്, നിങ്ങളുടെ നിശ്ചയദാര്‍ഢ്യം ഈ മലനിരകളേപ്പോള്‍ ഉറച്ചതാണ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനമാണ് നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നല്‍കുന്നത്. ലോകത്തെ മറ്റ് സൈനികശക്തിയെക്കാള്‍ വലുതാണ് ഇന്ത്യന്‍സൈന്യമെന്ന് നിങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യം കൂടുതല്‍ ശക്തമാവുന്നു, ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിയുന്നു.

ശത്രുക്കള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കി. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു.

ലോകസമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത എല്ലാവര്‍ക്കും അറിയാം. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ലോകം കണ്ടു. നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദര്‍ശനചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്ന ആളുകളാണ് നാം.

അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇനി വികസനത്തിന്റെ കാലമാണ്. ഗാല്‍വന്‍ ഇന്ത്യയുടേതാണ്. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്. ലോകം മുഴുവന്‍ അവര്‍ക്കെതിരാണ്. അതിര്‍ത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഇല്ലാതാവുന്ന ചരിത്രം നാം കണ്ടിട്ടുണ്ട്. ഭൂമി പിടിച്ചെടുക്കലിന്റെ കാലം കഴിഞ്ഞു. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്- അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലഡാക്ക് മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. മേഖലയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഇരു ഭാഗത്തു നിന്നുമുണ്ടാകരുതെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

“ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിലുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഒരു ഭാഗവും സ്വീകരിക്കരുത്,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് വിദേശ കാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.