1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ പെട്ട 15 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടം നടന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം എല്ലാവരും നല്ല ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തി ഇപ്പോഴും ജോലി തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടത്തില്‍ പെട്ട കുടുംബങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമേ അതില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളു. ചുരുക്കം ചിലര്‍ മാത്രമേ അതിനെ അതിജീവിച്ചിട്ടുള്ളു. ഭൂമി മുഴുവനും ഒലിച്ചുപോയ സ്ഥിതിയാണുള്ളത്. അവിടെത്തന്നെ വീട് നിര്‍മിക്കുന്നത് സാധ്യമായ കാര്യമല്ല. പുതിയ സ്ഥലവും പുതിയ വീടും ഇവര്‍ക്കുവേണ്ടി കണ്ടെത്തേണ്ടതായുണ്ട്.

മുമ്പ് സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പെട്ടിമുടി ദുരന്തത്തിലും ആവര്‍ത്തിക്കും. എല്ലാ കുടുംബങ്ങള്‍ക്കും അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീട് നിര്‍മിച്ചുനല്‍കും. ഇതില്‍ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് സാധിക്കും. കണ്ണന്‍ദേവന്‍ കമ്പനിതന്നെ ഇക്കാര്യത്തില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി വിഷയങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പുതിയ സ്ഥലവും വീടും വേണം. അതില്‍ കമ്പനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇവര്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.

ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷപ്പെട്ടവരില്‍ ചിലര്‍ ആശുപത്രിയിലുണ്ട്. ഇവരുടെ ചികിത്സാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും പ്രത്യേക സഹായം ആവശ്യമാണെന്നു കണ്ടാല്‍ അതിന് പ്രത്യേക പരിഗണന നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടമുണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവര്‍ മറ്റ് ലയങ്ങളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതില്‍ കമ്പനിയുടെ നിലപാട് നല്ലതാണ്. ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും നിലവില്‍ ജോലി ഇല്ലാതായ തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കണം. ലയങ്ങളുടെ നിര്‍മാണവും കമ്പനി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്ടിമുടിയിലുണ്ടായത് വന്‍ ദുരന്തമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. രാഷ്ട്രപതി ഉള്‍പ്പെടെ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.