1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2020

സ്വന്തം ലേഖകൻ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്.

മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയിൽനിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാർഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയിൽ പലതും യുഎസിൽ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓർഡർ ചെയ്തിട്ടുമല്ല ലഭിച്ചതും.

കൃഷി ചെയ്താൽ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാർട്മെന്റ് ഓഫ് അഗ്രികൾചേഴ്സ് ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്‌ഷൻ സർവീസ്(എപിഎച്ച്ഐഎസ്) വിഭാഗം.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ വിഭാഗവും വിത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ഒരു കാരണവശാലും വിത്തുകൾ നടരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.

ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും. ആദ്യ കാഴ്ചയിൽ നിരുപദ്രവകാരിയായി തോന്നാമെങ്കിലും യുഎസിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാൻ പോന്നതാകാം ഇവയിൽ പലതുമെന്നും സസ്യശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു.

യുഎസിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന അയോവ സംസ്ഥാനത്താണ് വിത്തുപായ്ക്കറ്റുകളിൽ ഏറെയുമെത്തിയതെന്നും ആശങ്കപ്പെടുത്തുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. രണ്ടാം സ്ഥാനത്തു ചൈനയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.