1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി പോലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇമെയില്‍ ലഭിച്ചുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ എന്‍.ഐ.സി. പറഞ്ഞു. ഉദ്യോഗസ്ഥന്‍ മെയിലിലെ അറ്റാച്ച്‌മെന്റില്‍ ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തില്‍ സംഭരിച്ച എല്ലാ ഡാറ്റയും ഇല്ലാതാകുകയായിരുന്നു.

സൈബര്‍ ആക്രമണം ബെംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയില്‍നിന്നാണ് ഉണ്ടായതെന്നാണ് വിവരം. എന്നാല്‍ പ്രോക്‌സി സെര്‍വറില്‍നിന്നാണ് മെയില്‍ അയച്ചതെന്ന് തുടര്‍ന്ന് പോലീസ് കണ്ടെത്തി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സൂക്ഷിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഈ സൈബര്‍ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ചില രാഷ്ട്രീയക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ചില ചൈനീസ് കമ്പനികള്‍ നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

അതിനിടെ സൈബർ ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മൾ ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെടാമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്,” ഡോവൽ പറഞ്ഞു.

നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവർ സമീപിക്കുകയും വിവരങ്ങൾ ചോർത്തുന്നതുമാണ് പതിവ്. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബർ സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.