1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് ആരോപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു.

പുറത്ത് നിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കൊവിഡിനെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണ്. കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുമെന്ന നിലപാടിലാണ് നേപ്പാൾ സർക്കാർ.

തര്‍ക്കപ്രദേശങ്ങളായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയും നേപ്പാളും തമ്മില്‍ 118 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണ് ഉള്ളത്. ഇതില്‍ ലിപുലേഖ് ചുരത്തിന്മേലുള്ള അവകാശത്തിലാണ് നേപ്പാള്‍ കടുംപിടുത്തം നടത്തുന്നത്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ല്‍ അന്നത്തെ നേപ്പാള്‍ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മില്‍ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം.

സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതല്‍ ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.