1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കള്‍ ആഞ്ഞടിച്ചത്. ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവെക്കണമെന്ന് മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രചണ്ഡ പറഞ്ഞു. ‘ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം’ പ്രചണ്ഡ ഒലിയോട് പറഞ്ഞു.

ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്ന് മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരും വ്യക്തമാക്കി. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു.

ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.

ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റുവമധികം വിമര്‍ശിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കില്‍ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാര്‍ട്ടി നേതാവും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു.

അതിനിടെ കെ.പി ശര്‍മ്മ ഒലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഒലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ അറിയിച്ചു. സാധാരണ നടക്കാറുള്ള പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.