1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷം: ബർമിംഗ്ഹാമിൽ കൂടുതൽ നിയന്ത്രണങ്ങൾ. വെസ്റ്റ് മിഡ്‌ലാന്റിലെ സാൻഡ്‌വെല്ലിനും സോളിഹളിനും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഇംഗ്ലണ്ടിൽ ആറിലധികം ആളുകളുടെ സാമൂഹിക കൂടിച്ചേരലുകൾ നിയമ വിരുദ്ധമാക്കിയ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിലായതിന് തൊട്ടുപിന്നാലെയാണ് ബർമിം‌ഗ്‌ഹാമും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്.

ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിൽ ഒരു സപ്പോർട്ട് ബബിൾ ഒഴികെ വീടിനകത്തോ സ്വകാര്യ ഉദ്യാനങ്ങളിലോ മറ്റു വീടുകളിലെ ആളുകളുമായി ഇടപഴകാനാവില്ല. കൊവിഡ് വ്യാപനം നഗരത്തിൽ രൂക്ഷമായതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ബർമിംഗ്ഹാം സിറ്റി കൗൺസിൽ വക്താവ് പറഞ്ഞു.

അതേസമയം ബർമിംഗ്ഹാം, സാൻഡ്‌വെൽ, സോളിഹൾ എന്നിവിടങ്ങളിൽ ഷോപ്പുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. പാർക്കുകൾ പോലുള്ള പൊതു ഇടങ്ങളിൽ ആളുകൾക്ക് മറ്റ് വീടുകളിലെ ആളുകളുമായി കൂടിച്ചേരാൻ അനുമതിയുണ്ട്. എന്നാൽ “റൂൾ ഓഫ് സിക്സ്” മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഈ കൂടിച്ചേരലുകൾ. നിയമം ലംഘിച്ചാൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും.

അതിനിടെ യുകെയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എൻഎച്ച്എസിലെ നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിനായി ബ്രിട്ടീഷ് സർക്കാർ ചെലവഴിക്കുന്നത് 28 മില്യൻ പൗണ്ട്. ഇക്കാര്യം എൻഎച്ച്എസ് ഇംഗ്ലണ്ട് ഔദ്യോഗികമായി വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളെ അറിയിച്ചു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാൻ ട്രസ്റ്റുകൾക്ക് ഈ ഫണ്ട് അനുവദിച്ചു നൽകും. മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി വിദേശ പ്രൊഫണലുകൾക്ക് കൊവിഡ് പ്രതിസന്ധിയിൽ ലഭിക്കുന്ന സുവർണാവസരം കൂടിയാണ് എൻ‌എച്ച്‌എസിന്റെ പുതിയ നീക്കം.

2024 ആകുമ്പോഴേക്കും 50,000 വിദേശ നഴ്സുമാരെ റിക്രൂട്ട്ചെയ്ത് നഴ്സിങ് ക്ഷാമം പൂർണമായും പരിഹരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അടക്കം 106,000 ഒഴിവുകൾ എൻഎച്ച്എസിൽ ഉള്ളതായാണ് റോയൽ കോളജ് ഓഫ് നഴ്സിങ് ഉൾപ്പെടെയുള്ള സംഘടനകളുടെ കണക്ക്. ഇതിൽ 44,000 ഒഴിവുകൾ നഴ്സുമാരുടെതാണ്. നിലവിലുള്ള നഴ്സുമാരിൽ മൂന്നിൽ ഒരാൾ വീതം പത്തുവർഷത്തിനുള്ളിൽ വിരമിക്കുകയും ചെയ്യുന്നതോടെ നഴ്സുമാരുടെ ക്ഷാമം അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പും ആർസിഎൻ നൽകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.