1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2020

സ്വന്തം ലേഖകൻ: ഒരു കൊവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ന്യൂസിലാന്‍ഡിൽ കഴിഞ്ഞു പോയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചുവെന്നുവേണം പറയാന്‍.

അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് മുക്തമെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട രാജ്യത്ത് ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍, കൊവിഡിനെതിരായ ജാഗ്രതയ്ക്ക് ഒരു കുറവുമില്ല.

പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണമാണ് സർക്കാർ ഏറ്റവും കർശനമായി നടപ്പാക്കിയത്. രാജ്യത്തെത്തിയാല്‍ മാറ്റി പാര്‍പ്പിക്കും. ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും കര്‍ശനമായി നടപ്പിലാക്കി. ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു.

ഈ മൂന്ന് നിയന്ത്രണങ്ങളും ഫലവത്തായതോടെ സമ്പര്‍ക്ക കേസുകളുടെ എണ്ണം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. ഓഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകള്‍ പ്രകാരം ന്യൂസിലാന്‍ഡില്‍ നാല് മരണമാണ് സംഭവിച്ചത്. അമേരിക്കയിലും ബ്രിട്ടണിലും ജര്‍മനിയിലുമാവട്ടെ ഇത് യഥാക്രമം 488, 683, 110 എന്നിങ്ങനെയായിരുന്നു.

ചൈന, ദക്ഷിണ കൊറിയ, ഹോങ്കൊങ്ങ്, വിയറ്റ്‌നാം, മംഗോളിയ, ഫിജി, തായ്‌വാന്‍ തുടങ്ങി കൊവിഡ് വ്യാപനം അതീവനിയന്ത്രണത്തിലായ ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡും. എന്നാല്‍ തായ് വാനും ഫിജിയും ന്യൂസിലാന്‍ഡും ഒഴികെയുള്ള രാജ്യങ്ങളില്‍ വലിയ ഇടവേളയ്ക്ക് ശേഷം പുതിയ സമ്പര്‍ക്ക വ്യാപന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയത് ന്യൂസിലാന്‍ഡിന് ഏറെ ഗുണംചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ അടച്ചിടല്‍ തന്ത്രം നടപ്പിലാക്കിയത് വൈറസ് വ്യാപനത്തെ തടഞ്ഞു. ജനങ്ങളും ഇതിനോട് സഹകരിച്ചു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) രാജ്യങ്ങളില്‍ ഏറ്റവും കുറവ് കൊവിഡ് മരണങ്ങളുള്ള രാജ്യം ന്യൂസിലാന്‍ഡ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.