1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: റൂപര്‍ട്ട് മര്‍ഡോകിന് കീഴിലുള്ള ന്യൂസ് കോര്‍പ് ഓസ്ട്രേലിയ 112 പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. കോവിഡില്‍ പരസ്യ വരുമാനം കുറഞ്ഞതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നത്. ഓസ്ട്രേലിയിലെ നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.

അച്ചടി നിര്‍ത്തുന്ന 112 പത്രങ്ങളില്‍ 36 പത്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടും. ബാക്കി 76 എണ്ണം ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമായി നിലനിര്‍ത്താനാണ് തീരുമാനം. പ്രാദേശിക പത്രങ്ങളാണ് പ്രധാനമായും മര്‍ഡോകിന്റെ നടപടിക്കിരയാവുന്നത്. കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന വിവരം ഇതുവരെ ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം മാധ്യങ്ങളിലെ വാര്‍ത്തകള്‍ വഴിയാണ് പത്രങ്ങള്‍ പൂട്ടുന്ന കാര്യം അറിഞ്ഞതെന്നും ന്യൂസ് കോര്‍പ് അറിയിച്ചിട്ടില്ലെന്നും ഓസ്ട്രേലിയയിലെ മീഡിയ യൂണിയന്‍ വ്യക്തമാക്കി. കുറഞ്ഞത് 375 മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് സിഡ്‌നി മോണിംഗ് ഹെറാല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 29 മുതലാണ് 76 പത്രങ്ങള്‍ പ്രിന്റിംഗ് നിര്‍ത്തി ഡിജിറ്റലാകുന്നത്. ഇതോടെ മര്‍ഡോകിന്റെ ന്യൂസ് കോര്‍പിന് കീഴിലുള്ള ഓണ്‍ലൈന്‍ പത്രങ്ങളുടെ എണ്ണം 92 ആയി ഉയര്‍ന്നു. അടുത്തിടെയായി 16 പുതിയ ഓണ്‍ലൈന്‍ പത്രങ്ങള്‍ ന്യൂസ് കോര്‍പ് ആരംഭിച്ചിരുന്നു.

കോവിഡ് വ്യാപകമായതോടെ ഏപ്രിലില്‍ 60 പത്രങ്ങളുടെ അച്ചടി ന്യൂസ് കോര്‍പ് നിര്‍ത്തിയിരുന്നു. ഈ പത്രങ്ങളും ഇനി തിരിച്ചുവരാന്‍ സാധ്യതയില്ല. ഓസ്ട്രേലിയയിലെ പ്രാദേശിക മാധ്യമരംഗത്തെയാണ് മര്‍ഡോകിന്റെ കമ്പനിയുടെ തീരുമാനം വലിയ തോതില്‍ ബാധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.